ഇസ്‌ലാമാബാദ്: ഇന്ത്യയ്‌ക്കെതിരെ മിന്നലാക്രമണങ്ങള്‍ക്കു തങ്ങള്‍ സജ്ജമാണെന്ന മുന്നറിയിപ്പുമായി പാക്കിസ്ഥാന്‍. 10 മിന്നലാക്രമണങ്ങള്‍ക്കു (സര്‍ജിക്കല്‍ സ്‌െ്രെടക്ക്) ശേഷിയുണ്ടെന്നാണു പാക്ക് സൈന്യത്തിന്റെ അവകാശവാദം. ‘പാക്കിസ്ഥാനുള്ളില്‍ ഒരു മിന്നലാക്രമണം നടത്താന്‍ ഇന്ത്യ ധൈര്യപ്പെട്ടാല്‍, മറുപടിയായി 10 മിന്നലാക്രമണങ്ങള്‍ നേരിടേണ്ടി വരും’– ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. പാക്ക് സൈനികമേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്!വയോടൊപ്പം ലണ്ടനില്‍ എത്തിയതായിരുന്നു ആസിഫ് ഗഫൂര്‍. ‘ഞങ്ങള്‍ക്കെതിരെ സാഹസികത കാണിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ പാക്കിസ്ഥാന്റെ കരുത്തിനെക്കുറിച്ച് അവര്‍ മനസ്സിലാക്കാനിരിക്കുന്നതേയുള്ളൂ’ എന്നും അദ്ദേഹം വ്യക്തമാക്കി.
50 ബില്യന്‍ ഡോളര്‍ ചെലവില്‍ രാജ്യത്തു നടപ്പാക്കുന്ന ചൈന പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴിയുടെ (സിപിഇസി) പരിപാലകര്‍ പാക്ക് സൈന്യമാണ്. പദ്ധതി രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തും. രാജ്യത്തെ ജനാധിപത്യം കരുത്തുറ്റതാക്കാനാണു സൈന്യം ശ്രമിക്കുന്നത്. ജൂലൈയില്‍ നടന്ന പൊതുതിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും സുതാര്യതയുള്ളതായിരുന്നു. മോശപ്പെട്ടതിനേക്കാള്‍ കൂടുതല്‍ നല്ല കാര്യങ്ങള്‍ പാക്കിസ്ഥാനില്‍ സംഭവിക്കുന്നുണ്ട്. നല്ലതു വാര്‍ത്തയാക്കാന്‍ രാജ്യാന്തര മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്നും ആസിഫ് പറഞ്ഞു.