കൊച്ചി: സംവിധായകന്‍ ശ്രീകുമാര്‍ മേനോനുമായി വഴക്കിട്ടത് കൊണ്ടല്ല കരാര്‍ ലംഘിച്ചതിനാലാണെന്ന് തിരക്കഥ തിരികെ ആവശ്യപ്പെട്ടതെന്ന് എംടി വാസുദേവന്‍ നായര്‍. മൂന്നു വര്‍ഷത്തിനകം തിരക്കഥ സിനിമയാക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ നാലുവര്‍ഷമായിട്ടും അത് തുടങ്ങിയത് പോലുമില്ല. അതിനാലാണ് പിന്മാറിയതെന്നും മറ്റാരെങ്കിലും സമീപിച്ചാല്‍ തിരക്കഥ നല്‍കുന്ന കാര്യം ആലോചിക്കുമെന്നും എം.ടി വിശദീകരിച്ചു.
അഭിനേതാക്കള്‍ ആരൊക്കെയെന്നതല്ല തന്റെ പ്രശ്‌നം. ഇപ്പോഴുള്ളവരല്ലെങ്കില്‍ മറ്റാരെങ്കിലും സിനിമയാക്കും. മൂന്നു വര്‍ഷത്തിനകം തുടങ്ങുമെന്ന് പറഞ്ഞ പ്രോജക്ട് നടക്കുന്നില്ലെന്നതു മാത്രമാണ് കോടതിയെ സമീപിക്കാനുള്ള തീരുമാനത്തിനു കാരണം. ഇംഗ്ലീഷിലും മലയാളത്തിലുമുള്ള തിരക്കഥകള്‍ കൈമാറിയിരുന്നു. പദ്ധതി അനിശ്ചിതമായി നീളുന്നത് ശരിയല്ലെന്നതിനാല്‍ തിരികെ ചോദിക്കുന്നു എന്നു മാത്രം എം. ടി വ്യക്തമാക്കി.
അതേസമയം രണ്ടാമൂഴത്തിന്റെ തിരക്കഥ ലഭിക്കണം എന്നാവശ്യപ്പെട്ട് എം.ടി വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍മ്മാതാവിനും സംവിധായകനും കോഴിക്കോട് മുന്‍സിഫ് കോടതി നോട്ടീസ് അയച്ചു. സംവിധായകന്‍ വി.എ ശ്രീകുമാര്‍ മേനോന്‍, നിര്‍മാതാവ് ബി.ആര്‍ ഷെട്ടി എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്.
അതേസമയം, എംടിയുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ച് രണ്ടാമൂഴത്തിന്റെ ചിത്രീകരണം പെട്ടെന്ന് തന്നെ ആരംഭിക്കുമെന്ന് സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍. സിനിമയുടെ പുരോഗതി കാര്യങ്ങള്‍ കൃത്യമായി എംടി യെ അറിയിക്കാതിരുന്നത് തന്റെ വീഴ്ചയാണെന്നും കാര്യങ്ങള്‍ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തുമെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു.