മലപ്പുറം: കോട്ടയ്ക്കലില്‍ ശൈശവ വിവാഹം നടന്ന സംഭവം വിവാദമാകുന്നു. കോട്ടക്കലിനടുത്ത് പന്ത്രണ്ട് വയസുകാരിയും പതിനെട്ട് വയസുകാരനും തമ്മിലാണ് വിവാഹം ചെയ്തത്. സംഭവത്തില്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ കേസെടുത്തു. മലപ്പുറം ജില്ലയില്‍ സ്ഥിരതാമസമാക്കിയിരുന്ന പശ്ചിമബംഗാള്‍ കുടുംബത്തിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ വിവാഹമായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.
നിക്കാഹിനായി കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ എല്ലാ ബന്ധുക്കളും ബംഗാളിലേക്ക് പോയിരുന്നു. കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു നിക്കാഹ് നടന്നത്. ബന്ധുവായ പതിനെട്ടുകാരനായിരുന്നു വരന്‍. ചടങ്ങിന്റെ ഭാഗമായി മഹറായി നല്‍കിയ സ്വര്‍ണാഭരണം പെണ്‍കുട്ടിയെ അണിയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ നിക്കാഹിനായി പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ട് പോയിട്ടില്ലെന്നാണ് കുടുംബം പറയുന്നത്. അധികം വൈകാതെ വിവാഹ ചടങ്ങുകൂടി നടത്തിയ ശേഷം പെണ്‍കുട്ടിയെ പതിനെട്ടുകാരന്‍ ഭര്‍ത്താവിനൊപ്പം അയക്കാനായിരുന്നു പെണ്‍കുട്ടിയുടെ പിതാവിന്റെ തീരുമാനം.
പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് പെണ്‍കുട്ടിയുടെ പിതാവും കുടുംബവും മലപ്പുറത്ത് എത്തിയത്. കൂലിപ്പണി തേടിയെത്തിയ ഇവര്‍ പിന്നീട് മലപ്പുറത്ത് സ്ഥിരതാമസം ആക്കുകയായിരുന്നു. കോട്ടക്കലിനടുത്തുള്ള ഒരു വാടക വീട്ടിലാണ് കുടുംബം കഴിയുന്നത്. പെണ്‍കുട്ടിയുടെ ഒപ്പം പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് സംഭവം മറ്റുള്ളവര്‍ അറിയുന്നത്.
സി.ഡബ്ലിയു.സി അംഗം ഹാരിസ് പഞ്ചളി പന്ത്രണ്ടുകാരിയുടേയും ഉമ്മയുടേയും മൊഴി രേഖപ്പെടുത്തി. കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെകുട്ടിയുടെ പിതാവിനോട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ തിങ്കളാഴ്ച ഹാജരാകാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.