ദിലീപിനെതിരേ നടിമാര്‍ നല്‍കിയ കത്തില്‍ ഇപ്പോള്‍ തീരുമാനമെടുക്കാനാകില്ലെന്ന് മോഹന്‍ലാല്‍

കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിയാക്കപ്പെട്ട നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ച് നടിമാരായ പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവര്‍ നല്‍കിയ കത്തില്‍ എ.എം.എം.എ എക്‌സിക്യൂട്ടീവിന് തീരുമാനമെടുക്കാനാകില്ലെന്ന് എ.എം.എം.എ പ്രസിഡന്റ് മോഹന്‍ലാല്‍. ഇതിനായി ജനറല്‍ ബോഡി യോഗം വരെ കാത്തിരിക്കണമെന്നും മോഹന്‍ലാല്‍ അറിയിച്ചു. എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനം എടുക്കാന്‍ ആകില്ലെന്ന് നിയമോപദേശം ലഭിച്ചു. ഇക്കാര്യം കത്ത് തന്ന നടിമാരെ രേഖാ മൂലം അറിയിക്കും മോഹന്‍ലാല്‍ മാധ്യമങ്ങളോട് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ തിരിച്ചെടുത്തതുമായി ബന്ധപ്പെട്ട് അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എയും വനിതാ കൂട്ടായ്മയായ ഡബ്ല്യു.സി.സിയും തമ്മില്‍ നേരത്തെ ചര്‍ച്ച നടന്നിരുന്നു. എ.എം.എം.എ അംഗങ്ങള്‍ എന്ന നിലയില്‍ നടിമാര്‍ മറ്റു ചില നിര്‍ദ്ദേശങ്ങളും വച്ചിരുന്നു. എന്നാല്‍ സംഘടനയുടെ ഭാഗത്ത് നിന്ന് കൃത്യമായ വിശദീകരണം ലഭിക്കാത്തതിനാലാണ് നടിമാര്‍ മൂന്നാമതും കത്ത് നല്‍കിയത്.

തങ്ങള്‍ സംഘടനയില്‍ വച്ച നിര്‍ദ്ദേശങ്ങള്‍ക്ക് ഉടന്‍ മറുപടി വേണമെന്ന് ആവശ്യപ്പെട്ട് രേവതിയാണ് കഴിഞ്ഞ ദിവസം കത്ത് നല്‍കിയത്. ചൊവ്വാഴ്ചയ്ക്കുള്ളില്‍ അന്തിമ തീരുമാനം അറിയിക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിരുന്നത്. കോടതി കുറ്റവിമുക്തനാക്കുന്നത് വരെ ആരോപണ വിധേയനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കരുതെന്നതാണ് നടിമാര്‍ സംഘടനയ്ക്ക് മുന്‍പില്‍ വച്ച പ്രധാന നിര്‍ദ്ദേശം. ഇതിനായി നിയമോപദേശം തേടണം എന്നും മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ ഇവര്‍ ആവശ്യപ്പെട്ടു. പാര്‍വതി, പദ്മപ്രിയ, രേവതി എന്നിവരാണ് ദിലീപിനെ തിരിച്ചെടുത്ത വിഷയങ്ങളിലടക്കം ഉടന്‍ തീരുമാനം അറിയിക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.

ഓഗസ്റ്റ് 7 ന് നടന്ന ചര്‍ച്ചയില്‍ തൃപ്തിയുണ്ടെന്ന് നടിമാര്‍ പ്രതികരിച്ചിരുന്നു. എ.എം.എം.എയില്‍ നിന്ന് രാജിവെച്ചുപോയ ഡബ്ല്യു.സി.സി. അംഗങ്ങള്‍ തിരിച്ചുവരുന്ന കാര്യത്തിലുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചയ്‌ക്കെടുത്തിരുന്നു. കഴിഞ്ഞ എ.എം.എം.എ. ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനമാണ് എ.എം.എം.എയെയും ഡബ്ല്യു.സി.സിയെയും നേര്‍ക്കുനേര്‍ കൊണ്ടുവന്നത്. തീരുമാനത്തെ തുടര്‍ന്ന് ആക്രമിക്കപ്പെട്ട നടിയും ഡബ്ല്യു.സി.സി. അംഗങ്ങളായ റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവരും എ.എം.എം.എയില്‍ നിന്ന് രാജിവെച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular