ശബരിമലയില്‍ സ്ത്രീകളെ തടയാനാകില്ല; സ്ത്രീകള്‍ ബഹുമാനിക്കപ്പെടുന്ന ഇടമാണ് യഥാര്‍ഥ വീട്: വീണ്ടും ദീപക് മിശ്ര

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതി വിധി പുറപ്പെടുവിച്ച ഭരണഘടനാ ബഞ്ചിന്റെ തലവന്‍ വിധിയെ ന്യായീകരിച്ച് വീണ്ടും രംഗത്ത്. ക്ഷേത്രങ്ങളില്‍ പ്രവേശിക്കുന്നതില്‍നിന്ന് സ്ത്രീകളെ തടയാനാവില്ലെന്നും സ്ത്രീകള്‍ ബഹുമാനിക്കപ്പെടണമെന്നും മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശമാണുള്ളത്. പുരുഷന് എത്രമാത്രം ബഹുമാനം ലഭിക്കുന്നോ അതുപോലെ സ്ത്രീക്കും ബഹുമാനം ലഭിക്കേണ്ടതുണ്ട്. സ്ത്രീകള്‍ ബഹുമാനിക്കപ്പെടുന്ന ഇടമാണ് യഥാര്‍ഥ വീട് എന്നും അദ്ദേഹം പറഞ്ഞു. ഒരു വിഭാഗം സ്ത്രീകളെ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കുന്നതില്‍നിന്ന് തടയുന്നത് നീതീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കരുത്തേറിയതും സ്വതന്ത്രവുമായ ഒരു നിയമസംവിധാനമാണ് നമ്മുടെ രാജ്യത്ത് നിലനില്‍ക്കുന്നത്. ഭരണഘടനയുടെ അന്തസത്ത ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കാന്‍ നിയസഭയ്ക്കും സര്‍ക്കാരിനും കോടതിക്കും ഉത്തരവാദിത്വമുണ്ട്. ഭരണഘടന തനിക്ക് അപ്രാപ്യമാണെന്നും താനതിനു പുറത്താണെന്നും ഒരു പൗരനും തോന്നലുണ്ടാവരുത് അദ്ദേഹം പറഞ്ഞു. സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കുകയും വിവാഹേതര ബന്ധം കുറ്റകരമല്ലാതാക്കുകയും ചെയ്ത സമീപകാല വിധികളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. ഈ വിധികള്‍ കണക്കിലെടുത്ത് ലിംഗനീതിയുടെ പോരാളി എന്ന് മാധ്യമങ്ങള്‍ തന്നെ വിശേഷിപ്പിക്കുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7