ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: കര്‍ഷകര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ച് അവസാനിപ്പിച്ചു. പുലര്‍ച്ചയോടെ കിസാന്‍ഘട്ടിലേക്ക് സമരക്കാരെ പ്രവേശിപ്പിച്ചതോടെയാണ് ഒത്തുതീര്‍പ്പിന് സമരക്കാര്‍ തയ്യാറായത്. 400 ട്രാക്ടറുകളിലായി ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചു. പുലര്‍ച്ചെ നാല് മണിയോടെ എത്തിയ കര്‍ഷകര്‍ 5.30 ഓടെ പിരിഞ്ഞുപോയി.

തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ അംഗീകരിച്ചുവെന്ന് സമരക്കാര്‍ പറഞ്ഞു. കാര്‍ഷിക ഉത്പന്നങ്ങളുടെ വില വര്‍ധിപ്പിക്കുക എന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചുവെന്നും, അഞ്ച് ദിവസത്തിനുള്ളില്‍ തീരുമാനം നടപ്പായില്ലെങ്കില്‍ സമരം പുനരാരംഭിക്കുമെന്നും ഭാരതീയ കിസാന്‍ യൂണിയന്‍ വാക്താവ് രാകേഷ് തികൈത് അറിയിച്ചു.

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സെപ്തംബര്‍ 23ന് ഹരിദ്വാറില്‍ നിന്നാണ് ഭാരതീയ കിസാന്‍ യൂണിയന്റെ നേതൃത്വത്തില്‍ കിസാന്‍ ക്രാന്തി യാത്ര ആരംഭിച്ചത്. നടന്നും ട്രാക്ടറിലുമായാണ് കര്‍ഷകര്‍ റാലിയില്‍ പങ്കെടുത്തത്. കാര്‍ഷിക കടങ്ങള്‍ എഴുതിതള്ളണം, വൈദ്യുതി, ഇന്ധനങ്ങള്‍ക്ക് സബ്‌സിഡി അനുവദിക്കുക, 60 വയസിനു മുകളിലുള്ള കര്‍ഷകര്‍ക്ക് പെന്‍ഷന്‍ അനുവദിക്കുക. സ്വാമിനാഥന്‍ കമ്മീഷന്റെ ശുപാര്‍ഷകള്‍ നടപ്പിലാക്കുക എന്നിവയാണ് കര്‍ഷകരുടെ ആവശ്യം.

ഉത്തര്‍പ്രദേശ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നായി ആയിരക്കണക്കിന് കര്‍ഷകര്‍ അണിനിരന്ന പദയാത്ര ഡല്‍ഹി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞത് കഴിഞ്ഞദിവസം സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. കിസാന്‍ഘട്ടിലായിരുന്നു പദയാത്ര അവസാനിക്കേണ്ടിയിരുന്നത്. എന്നാല്‍ കര്‍ഷകരെ ഡല്‍ഹിയില്‍ പ്രവേശിക്കാന്‍ പൊലീസ് അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ബാരിക്കേഡുകള്‍ തള്ളിമാറ്റി മുന്നോട്ട് നീങ്ങിയ കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കികളും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7