24 മണിക്കൂര്‍കൊണ്ട് സംസ്ഥാനത്ത് എവിടെയും സാധനങ്ങള്‍ എത്തിക്കാം; മിന്നല്‍ കൊറിയര്‍ സര്‍വീസുമായി കെ.എസ്.ആര്‍.ടി.സി; മുഴുവന്‍ സമയ കൗണ്ടറുകള്‍; നേരിട്ട് വീട്ടിലെത്തിക്കും

കെ.എസ്.ആര്‍.ടിസി. വീണ്ടും കൊറിയര്‍ സര്‍വീസ് ആരംഭിക്കുന്നു. ഇത്തവണ മിന്നല്‍ കൊറിയര്‍ സര്‍വീസ് ആണ് ആരംഭിക്കുന്നത്. പ്രതീക്ഷിച്ച വരുമാനം ലഭിക്കാത്തതിനാല്‍ ഈയിടെ നിര്‍ത്തലാക്കിയ കൊറിയര്‍ സര്‍വീസ് ഒക്ടോബര്‍ അഞ്ച് മുതല്‍ വീ്ണ്ടും ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിക്കുകയായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വേഗതയേറിയ കൊറിയര്‍ സര്‍വീസായിരിക്കും ഇത്. കേരളത്തില്‍ എവിടെയും 24 മണിക്കൂറിനകം എത്തിക്കാനാകുന്ന തരത്തിലാവും പ്രവര്‍ത്തനം.
രാപകലില്ലാതെ പ്രവര്‍ത്തിക്കുന്ന കൗണ്ടറുകളിലൂടെ 24 മണിക്കൂറും പാഴ്‌സലുകള്‍ അയയ്ക്കാം. പാഴ്‌സലുകള്‍ ഡിപ്പോകളിലെത്തി സ്വീകരിക്കേണ്ടിയിരുന്ന സ്ഥാനത്ത് കെഎസ്ആര്‍ടിസി വഴി നേരിട്ട് വീടുകളിലേക്കെത്തിക്കുകയും ചെയ്യും. കേരളത്തിനകത്തും പുറത്തുമുള്ള 97 ഡിപ്പോകളിലും സേവനം ലഭ്യമാക്കും.

ഇതിനായി തിരുവനന്തപുരം ആസ്ഥാനമായ ടെറാപ്ലെയ്ന്‍ എക്‌സ്പ്രസ് കൊറിയര്‍ എന്ന സ്ഥാപനവുമായി കെഎസ്ആര്‍ടിസി കരാറായിട്ടുണ്ട്. കെഎസ്ആര്‍ടിസിയുടെ 5600 ബസുകളില്‍ പാഴ്‌സലുകള്‍ കയറ്റി അയയ്ക്കാം. ഓരോ ബസിലും 8 അടി സ്ഥലം വീതം കൊറിയര്‍ സര്‍വീസിനായി നീക്കിവച്ചിട്ടുണ്ട്. 3 വര്‍ഷത്തേക്കാണു കരാര്‍.

നേരത്തെ കെഎസ്ആര്‍ടിസിയുമായി സഹകരിച്ച് സ്വകാര്യ കമ്പനി നടത്തിയിരുന്ന കൊറിയര്‍ സര്‍വീസ് അവസാനിപ്പിക്കാന്‍ കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ. തച്ചങ്കരി നിര്‍ദേശം നല്‍കുകയായിരുന്നു. കെഎസ്ആര്‍ടിസിയുമായി ഉണ്ടാക്കിയ കരാറിനു വിരുദ്ധമായ നടപടികള്‍ ഉണ്ടായതിനെത്തുടര്‍ന്നാണു എംഡി ഇങ്ങനെ തീരുമാനിച്ചത്.

2015 ജൂലൈ രണ്ടിനാണു ട്രാക്കോണ്‍ കമ്പനിയുമായി കെഎസ്ആര്‍ടിസി കരാറില്‍ ഏര്‍പ്പെട്ടത്. കോര്‍പറേഷന്‍ നല്‍കിയ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ആനുപാതികമായ വരുമാനം കരാറിലൂടെ ഉണ്ടായില്ല. കോര്‍പറേഷന്റെ സല്‍പേരിനു കളങ്കം ചാര്‍ത്തുന്ന രീതിയിലുള്ള പരാതികള്‍ സ്വകാര്യ സ്ഥാപനത്തിനെതിരെ ഉണ്ടായി. നിയമവിരുദ്ധമായി, കണക്കില്‍ കൊള്ളിക്കാതെ സാധനങ്ങള്‍ പൊതുജനങ്ങളില്‍നിന്നു സ്വീകരിച്ച് കൊറിയര്‍ വഴി കെഎസ്ആര്‍ടിസി ബസുകളില്‍ കയറ്റി വിടുന്നതായി കെഎസ്ആര്‍ടിസി വിജിലന്‍സ് വിഭാഗം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കരാര്‍ലംഘനം കമ്പനിയുടെ ഭാഗത്തുനിന്ന് ഉണ്ടായതിനാല്‍ കരാറുമായി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് തച്ചങ്കരി തീരുമാനിക്കുകയായിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് കൊറിയര്‍ സര്‍വീസ് ആരംഭിച്ചത്. മറ്റു സംസ്ഥാനങ്ങളെ മാതൃകയാക്കിയാണ് ഈ സര്‍വീസ് തുടങ്ങാന്‍ തീരുമാനിച്ചത്.

എന്തായാലും പുതിയ സര്‍വീസ് കെ.എസ്.ആര്‍.ടി.സി.യുടെ മേല്‍നോട്ടത്തില്‍ ആയതിനാല്‍ കാര്യക്ഷമമായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7