വേഷം മാറി പൊലീസ് വന്നു; സ്‌കൂള്‍, കോളെജ് പരിസരങ്ങളില്‍നിന്ന് 89 പൂവാലന്‍മാര്‍ പിടിയില്‍

പൂവാലന്‍മാരെ പിടികൂടുന്നതിന് പൊലീസ് നടത്തിയ ‘ഓപ്പറേഷന്‍ റോമിയോയില്‍’ 89 പേരെ അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സിറ്റി പോലീസ് ആണ് ഇത് സംബന്ധിച്ച് പത്രക്കുറിപ്പ് ഇറക്കിയത്. നഗരത്തിലെ സ്‌കൂള്‍, കോളജ്, പരിസരങ്ങളില്‍ പെണ്‍കുട്ടികളെ ശല്യം ചെയ്തവരാണ് പിടിയിലായത്.

ഇക്കഴിഞ്ഞ ബുധന്‍, വ്യാഴം ദിവസങ്ങളിലായിരുന്നു പോലീസ് ‘ഓപ്പറേഷന്‍ റോമിയോ’ നടത്തിയത്. തിരക്കുള്ള സമയങ്ങളില്‍ വിദ്യാലയങ്ങളുടെ സമീപത്തും ബസ് സ്‌റ്റോപ്പുകളിലും പൂവാലശല്യം രൂക്ഷമാണെന്നുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കമ്മിഷണറുടെ നിര്‍ദേശ പ്രകാരമായിരുന്നു നടപടി. പിടിയിലായവര്‍ക്കെതിരെ കേസ് റജിസ്റ്റര്‍ ചെയ്തു.

പോലീസ് വേഷം മാറി നിന്ന് പെണ്‍കുട്ടികളെ ശല്യം ചെയ്തവരെ കയ്യോടെ പിടികൂടുകയായിരുന്നു. വിമന്‍സ് കോളേജ് പരിസരത്തുനിന്നും കോട്ടണ്‍ഹില്‍, ഹോളിഏഞ്ചല്‍സ് ഉള്‍പ്പെടുന്ന മ്യൂസിയം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്. ഇവിടെ നിന്ന് രണ്ടു ദിവസങ്ങളിലായി 10 പേര്‍ അറസ്റ്റിലായി.

മെഡിക്കല്‍ കോളേജ്, നേമം സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും എട്ട് പേര്‍ വീതം പിടിയിലായി. വിഴിഞ്ഞം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്നും ഏഴ് പൂവാലന്മാരെ അറസ്റ്റു ചെയ്തു. ശ്രീകാര്യം പോലീസ് ആറ് പേരെ പിടികൂടിയതായും സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് അറിയിച്ചു.

വനിതാ പോലീസുകാര്‍ ഉള്‍പ്പടെയുള്ളവര്‍ വേഷം മാറിയാണ് ഓപ്പറേഷന്‍ റോമിയോയില്‍ പങ്കെടുത്തത്. വരുംദിവസങ്ങളിലും ഇത്തരത്തിലുള്ള ഓപ്പറേഷന്‍ നടത്തുമെന്ന് കമ്മീഷണര്‍ അറിയിച്ചു. ഡെപ്പ്യൂട്ടി കമ്മീഷണര്‍ ആര്‍ ആദിത്യ, സബ് ഡിവിഷന്‍ എ.സി മാര്‍, സി.ഐ മാര്‍, എസ്.ഐ മാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Similar Articles

Comments

Advertismentspot_img

Most Popular