പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയിട്ടില്ലെന്ന് റോണാള്‍ഡോ..; എന്റെ പേര് ഉപയോഗിച്ച് ചുളുവില്‍ പ്രശസ്തയാകാന്‍ ശ്രമം…!!

ഹോട്ടലില്‍വച്ച് പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന യുവതിയുടെ ആരോപണം നിഷേധിച്ച് ഫുട്‌ബോള്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തി. തന്റെ പേര് ഉപയോഗിച്ച് പ്രശസ്തി നേടാന്‍ ശ്രമിക്കുന്നവരാണ് ഈ ആരോപണത്തിനു പിന്നിലെന്ന് റൊണാള്‍ഡോ കുറ്റപ്പെടുത്തി. ഇന്‍സ്റ്റഗ്രാം ലൈവ് വിഡിയോയിലൂടെയാണ് റൊണാള്‍ഡോയുടെ പ്രതികരണമെത്തിയത്. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് ചിരിച്ചുകൊണ്ട് റൊണാള്‍ഡോ നല്‍കിയ മറുപടി ഇങ്ങനെ…

‘ഇല്ലില്ല. ഇന്ന് അവര്‍ എന്താണ് പറഞ്ഞത്? എല്ലാം കള്ളമാണ്. പച്ചക്കള്ളം. എന്റെ പേര് ഉപയോഗിച്ച് ചുളുവില്‍ പ്രശസ്തരാകാനാണ് ഇവരുടെ ശ്രമം. ഇത് സാധാരണമാണ്. ജോലിയുടെ ഭാഗമാണ്. ഞാന്‍ ഇപ്പോഴും സന്തോഷവാനാണ്. നന്നായിത്തന്നെ പോകുന്നു’ –- റൊണാള്‍ഡോ പറഞ്ഞു.

യുഎസില്‍നിന്നുള്ള കാതറിന്‍ മൊയോര്‍ഗയെന്ന മുപ്പത്തിനാലുകാരിയാണ് 2009ല്‍ റൊണാള്‍ഡോ തന്നെ പീഡിപ്പിച്ചെന്ന് ആരോപണം ഉന്നയിച്ചത്. പലതവണ എതിര്‍ത്തിട്ടും ക്രിസ്റ്റ്യാനോ ബലമായി തന്നെ ഉപദ്രവിക്കുകയായിരുന്നുവെന്നാണ് ഇവരുടെ വെളിപ്പെടുത്തല്‍. സംഭവം പുറത്തുപറയാതിരിക്കാന്‍ ഏകദേശം മൂന്നു കോടിയോളം രൂപ റൊണാള്‍ഡോ നല്‍കിയതായും ഇവര്‍ ആരോപിച്ചിരുന്നു. ജര്‍മന്‍ മാധ്യമമായ ഡെര്‍ സ്പീഗലാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എന്നാല്‍, റൊണാള്‍ഡോ ഈ ആരോപണം ആദ്യമേ നിഷേധിച്ചിരുന്നു. പീഡനം നടന്നിട്ടില്ലെന്നും സമ്മതത്തോടെയാണ് എല്ലാം നടന്നതെന്നും ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ വ്യക്തമാക്കുന്നു. എന്നാല്‍ പണം നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുകയായിരുന്നു എന്ന ആരോപണത്തോട് ഇദ്ദേഹം പ്രതികരിച്ചില്ല. ഈ വാര്‍ത്ത ക്രിസ്റ്റ്യാനോയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് ആരോപിച്ച് ഡെര്‍ സ്പീഗലിനെതിരെ ക്രിസ്റ്റ്യാനോയുടെ അഭിഭാഷകന്‍ നോട്ടീസും അയച്ചിട്ടുണ്ട്.

ലോകത്തെ ഏറ്റവും പ്രശസ്തരായ കായികതാരങ്ങളില്‍ ഒരാളാണ് റൊണാള്‍ഡോ. ലോകമെമ്പാടും ആരാധകരുള്ള താരം റഷ്യന്‍ ലോകകപ്പിനു പിന്നാലെ സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡ് വിട്ട് യുവന്റസില്‍ ചേര്‍ന്നിരുന്നു. അതേസമയം, 2003ലും താരത്തിനെതിരെ ലൈംഗികാരോപണം ഉയര്‍ന്നിരുന്നു. അന്ന് ലണ്ടനിലെ ഹോട്ടലില്‍ വച്ച് താരം തന്നെ പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മറ്റൊരു യുവതി പരാതിയുമായി എത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7