അബുദാബിയില്‍ കാര്‍ പാര്‍ക്കിങ് ഫീസ് ഒഴിവാക്കാന്‍ ഒരു സുവര്‍ണാവസരം. നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം. വീടിന് മുന്‍പിലെ പൊതുസ്ഥലം മോടിപിടിപ്പിച്ച് സംരക്ഷിക്കണം. ഇങ്ങനെ ചെയ്യുന്ന വീട്ടുടമയ്ക്കു വാര്‍ഷിക പാര്‍ക്കിങ് സൗജന്യമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.. നഗരസൗന്ദര്യം കാത്തുസൂക്ഷിക്കാനുള്ള നഗരസഭയുടെ സമ്മാനമാണു സൗജന്യ പാര്‍ക്കിങ് എന്ന് അധികൃതര്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്കു വിധേയമായി ഏകീകൃത സ്വഭാവത്തിലുള്ളതാകണം അലങ്കാരങ്ങള്‍.
അബുദബിയിലെ നിര്‍ബന്ധിത പാര്‍ക്കിങ്ങില്‍നിന്ന് വില്ലയിലെ താമസക്കാര്‍ക്കു രക്ഷപ്പെടാന്‍ പുതിയ വാഗ്ദാനം സഹായകമാകും. പൊതു, സ്വകാര്യ സ്ഥലം വൃത്തിയോടെ സംരക്ഷിക്കുന്നവര്‍ക്കാണു പുതിയ ആനുകൂല്യത്തിന് അര്‍ഹതയുണ്ടാവുക. അതേസമയം പൊതുസ്ഥലം അപഹരിച്ചുള്ള സ്വകാര്യ സന്ദര്യവല്‍ക്കരണം അനുവദിക്കില്ലെന്നു നഗരസഭ വ്യക്തമാക്കി. സ്വകാര്യ സ്ഥലത്തിലേക്ക് പൊതു സ്ഥലം കൂട്ടിച്ചേര്‍ക്കാന്‍ പാടില്ല.
വില്ലയ്ക്കുമുന്‍പിലുള്ള പൊതു നടപ്പാതയുടെ സ്ഥലമോ പാര്‍ക്കിങ് സ്ഥലമോ അപഹരിക്കരുത്. ബന്ധപ്പെട്ട വകുപ്പില്‍നിന്ന് രേഖാമൂലമുള്ള അനുമതി നേടിയ ശേഷമേ അറ്റകുറ്റപ്പണിയോ നിര്‍മാണ പ്രവര്‍ത്തനങ്ങളോ നടത്താവൂ. സിറ്റി മുനിസിപ്പാലിറ്റി സെന്റര്‍ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഒട്ടേറെ നിയമലംഘനം കണ്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം.