ദുബായ് : യുഎഇ തലസ്ഥാന നഗരിയിലെ അഡ്‌നെക്കിലുള്ള വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നിന്ന് ആദ്യത്തെ ‘ഡോസ്’ കോവിഡ് വാക്‌സിന്‍ സ്വീകരിച്ച് പുറത്തിറങ്ങുമ്പോള്‍ എറണാകുളം മരട് സ്വദേശി ആദര്‍ശ് പി.രതീഷി(32)ന് ഈ ലോകത്തോട് വിളിച്ചുപറയാന്‍ തോന്നിയത് ഒരേയൊരു കാര്യമാണ്: ‘ആശങ്കപ്പെടാനൊന്നുമില്ല, പോറ്റമ്മ നാട് മനുഷ്യരാശിക്ക് വേണ്ടി ചെയ്യുന്ന ഈ പ്രവര്‍ത്തനത്തില്‍ ധൈര്യപൂര്‍വം പങ്കാളിയാകൂ’.
ചൈനയുടെ സിനോഫാം കമ്പനിയുടെ സഹകരണത്തോടെ യുഎഇ നടത്തുന്ന കോവിഡ!് 19നെതിരെയുള്ള വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തില്‍ പങ്കാളിയായതിന്റെ ചാരിതാര്‍ഥ്യത്തിലാണ്, അബുദാബി ആം ഫോഴ്‌സസ് ഓഫീസസ് ക്ലബില്‍ എന്‍ജിനീയറായ ആദര്‍ശ്. ആദ്യഘട്ടത്തില്‍ തന്നെ പരീക്ഷണത്തില്‍ പങ്കുചേര്‍ന്ന് ഈ യുവാവ് മലയാളികള്‍ക്ക് ആകമാനം അഭിമാനമായിരിക്കുന്നു. വാക്‌സിന്‍ നിര്‍മാണത്തില്‍ പങ്കാളിയാകാന്‍ സ്വദേശികളോടൊപ്പം പ്രവാസികള്‍ക്കും അവസരമുണ്ടെന്ന വാര്‍ത്ത മാധ്യമങ്ങളില്‍ കണ്ടപ്പോള്‍ തന്നെ തന്നില്‍ താത്പര്യമുണര്‍ന്നിരുന്നതായി ആദര്‍ശ് മാധ്യമങ്ങളോട് പറഞ്ഞു.
ജോലി ചെയ്യുന്ന ഓഫീസിലും ഇതേ അറിയിപ്പു വന്നപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല. അബുദാബിയില്‍ ആര്‍കിടെക്ടായ ഭാര്യ ശ്രീലക്ഷ്മിയോട് കാര്യം പറഞ്ഞു. എന്നാല്‍, തുടര്‍ന്ന് ചെറിയൊരു ആശങ്കയുയര്‍ന്നത് രണ്ടുവയസുകാരിയായ മകള്‍ അവന്തികയുടെ കാര്യം ആലോചിച്ചപ്പോഴാണ്. അങ്ങനെ തീരുമാനത്തില്‍ മനസ്സ് ചാഞ്ചാടാന്‍ തുടങ്ങി. അതേസമയം, ചരിത്ര ദൗത്യത്തില്‍ അണിചേരാന്‍ കിട്ടിയ അവസരം പാഴാക്കരുതെന്നും ഉള്ളില്‍ നിന്നാരോ പറഞ്ഞുകൊണ്ടുമിരുന്നു. ഒടുവില്‍ വാക്‌സിന്‍ സ്വീകരിച്ചാല്‍ പാര്‍ശ്വഫലങ്ങളടക്കം ആരോഗ്യപ്രശ്‌നങ്ങളെന്തെങ്കിലും ഉണ്ടാകുമോ എന്ന് ആദര്‍ശും ശ്രീലക്ഷ്മിയും ഗൂഗിള്‍ ചെയ്തും മറ്റും പരിശോധിച്ചു.
ഒന്നുമില്ലെന്ന് മനസിലായപ്പോള്‍, വെബ്‌സൈറ്റില്‍ (https://www.4humantiy.ae) പേര് റജിസ്റ്റര്‍ ചെയ്തു. വൈകാതെ വാക്‌സിനേഷന്‍ പരീക്ഷണത്തിന് തിരഞ്ഞെടുത്തതായി അറിയിപ്പ് ലഭിച്ചു. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അധികൃതര്‍ സമയം അനുവദിച്ചത്. യാതൊരു പേടിയുമില്ലാതെ വാക്‌സിന്‍ കേന്ദ്രത്തിലേയ്ക്ക് കയറിച്ചെന്നു. വാക്‌സിനേഷന്‍ സംബന്ധിച്ച് ഒരു ഡോക്ടറുമായി ഏറെ നേരം കൂടിക്കാഴ്ച നടത്താന്‍ അവസരം ലഭിച്ചു. മനസിലുണ്ടായിരുന്ന സംശയങ്ങളൊക്കെ നിവാരണം ചെയ്തതോടെ പരീക്ഷണത്തിന് തുടക്കമായി.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രക്രിയയാണ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കെടുക്കുക എന്നത്. വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്നോടിയായി അധികൃതര്‍ ആദ്യം ചെയ്തത്, ആദര്‍ശിന്റെ രക്തപരിശോധനയാണ്. രണ്ട് ദിവസത്തിനകം കോവിഡ് 19 നെഗറ്റീവാണെന്ന് ഉറപ്പുവരുത്തി. കൂടാതെ, കുടുംബത്തിന്റെ ആരോഗ്യചരിത്രം പരിശോധിച്ചു. തുടര്‍ന്നായിരുന്നു ആദ്യ ഡോസ് ഇന്നലെ (28) നല്‍കിയത്. അരമണിക്കൂര്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ നിന്ന ശേഷം വീട്ടിലേയ്ക്ക് മടങ്ങി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അധികൃതര്‍ ആദര്‍ശിനെ ടെലിഫോണിലൂടെ ബന്ധപ്പെട്ടു ആരോഗ്യസ്ഥിതി ആരാഞ്ഞു. അലര്‍ജിയോ മറ്റോ ഉണ്ടോ എന്നായിരുന്നു പ്രധാന അന്വേഷണം.
അധികൃതര്‍ നല്‍കിയ റെക്കോര്‍ഡ് ഡയറിയില്‍ ഏഴ് ദിവസത്തെ ആരോഗ്യ അവസ്ഥകള്‍ പൂരിപ്പിച്ച് നല്‍കുകയും മൂന്നാം ദിവസം നേരിട്ട് ചെന്ന് ശരീരോഷ്മാവ് പരിശോധിക്കുകയും വേണം. പിന്നീട് എട്ടാം ദിവസമാണ് പരിശോധന. 21 ാം ദിവസം വാക്‌സിസിന്റെ രണ്ടാം ഡോസ് സ്വീകരിക്കണം. ഇടയ്ക്കിടെ ഇതുപോലെ ടെലിഫോണിലൂടെയും നേരിട്ടും കേന്ദ്രത്തില്‍ നിന്ന് ബന്ധപ്പെട്ടുകൊണ്ടിരിക്കും. ഒരു വര്‍ഷത്തിനിടയില്‍ രാജ്യം വിട്ട് മറ്റെവിടെയും പോകാനാവില്ല. വളരെ അടിയന്തര കാര്യമാണെങ്കില്‍ അനുമതി വാങ്ങി പോകാം. ടെലിഫോണിലൂടെ എപ്പോഴും ലഭ്യമായിരിക്കണം. എന്നാല്‍, ഇടയ്ക്ക് പങ്കാളിത്തം ഉപേക്ഷിക്കണമെന്ന് തോന്നുകയാണെങ്കില്‍ സാധ്യമാണ് എന്ന പ്രത്യേകതയമുണ്ട്.
ആദര്‍ശ് അക്കാഫ് വൊളന്റിയേഴ്‌സ് ഗ്രൂപ്പിലൂടെ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. രോഗികളായ ഒട്ടേറെ പേരുടെ ദുരിതങ്ങള്‍ നേരിട്ട് കണ്ടിട്ടുണ്ട്. ഖിസൈസ് ഏരിയ കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. പല രോഗികളുമായി നേരിട്ട് വിളിച്ച് സംസാരിച്ചുകൊണ്ടിരുന്നു. അന്നേ ഈ രോഗത്തിന്റെ ഭീകത മനസിലാക്കിയത് കൂടി വാക്‌സിന് പരീക്ഷണത്തില്‍ പങ്കുചേരേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയാന്‍ ഇടയാക്കി.
കോവി!ഡ്19 നെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി വാക്‌സിന്‍ പരീക്ഷണ പ്രവര്‍ത്തനങ്ങളുമായി പ്രവാസികളും സഹകരിക്കണമെന്ന് അബുദാബി ആരോഗ്യവകുപ്പ് ചെയര്‍മാന്‍ ഷെയ്ഖ് അബ്ദുല്ല അല്‍ ഹമീദ്, ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ അല്‍കാബി എന്നിവര്‍ ആഹ്വാനം ചെയ്തിരുന്നു. സന്തുഷ്ടവും സമ്പന്നവും സുരക്ഷിതവുമായ ലോകം സൃഷ്ടിക്കുന്നതിന് അനുകൂലമായ മാറ്റമാണ് യുഎഇയുടെ ദര്‍ശനം. യുഎഇ 200 ലേറെ രാജ്യക്കാര്‍ക്ക് ആതിഥേയത്വം വഹിക്കുന്നു. അവരെല്ലാം ഇവിടെ സ്‌നേഹത്തോടും സഹാനുഭൂതിയോടും സുരക്ഷിതരായി ജീവിക്കുന്നു. ഭൂമിയിലുള്ള സകലര്‍ക്കും ലോകത്തോട് ഉത്തരവാദിത്തമുണ്ടെന്നും വിജയകരമായ ഫലങ്ങള്‍ നേടുക എന്ന ലക്ഷ്യത്തോടെ ഈ ഘട്ടത്തില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി എല്ലാവരും ധൈര്യത്തോടെ സ്വയം സന്നദ്ധരായി പ്രവര്‍ത്തിക്കുമെന്നു ഉറപ്പുണ്ടെന്നും വ്യക്തമാക്കി.
വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കുചേരുന്നതില്‍ ശങ്ക വേണ്ടെന്നും ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളി സമൂഹം ധൈര്യമായി മുന്നോട്ടുവരണമെന്നും ആദര്‍ശും ആവര്‍ത്തിച്ച് പറയുന്നു. യുഎഇ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലെ പ്രധാന സാന്നിധ്യമാണ് മലയാളി സമൂഹം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മലയാളികളായിരിക്കാം ഏറ്റവും കൂടുതല്‍ പങ്കെടുക്കുന്നത്. വാക്‌സിന്‍ മനുഷ്യരാശിക്ക് വേണ്ടിയുള്ളതാണ്. ഈ വലിയ ഉദ്യമത്തില്‍ പങ്കെടുത്ത് നമ്മള്‍ പോറ്റമ്മ നാടിനോടുള്ള കര്‍ത്തവ്യം നിറവേറ്റണം.
ഇതിനകം പത്തായിരത്തോളം പേരാണ് വാക്‌സിന്‍ പരീക്ഷണത്തില്‍ പങ്കുചേരാന്‍! പേര് റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ പക്ഷേ, മലയാളികളടക്കം ഇന്ത്യക്കാര്‍ വളരെ കുറവാണെന്നാണ് കേന്ദ്രത്തില്‍ നിന്ന് മനസിലായത്. ആര്‍ക്കെങ്കിലും പങ്കെടുക്കണമെന്ന് തോന്നുകയും എന്നാല്‍ മനസ്സ് പിന്‍മാറാന്‍ പറയുകയും ചെയ്യുന്നുണ്ടെങ്കില്‍, ധൈര്യമായി വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ട് ചെല്ലുക. അവിടെ ആരോഗ്യ വിദഗ്ധരുമായി കൂടിക്കാഴ്ചയ്ക്കുള്ള അവസരമുണ്ടെന്നും ആദര്‍ശ് വ്യക്തമാക്കുന്നു. 2016ല്‍ യുഎഇയിലെത്തിയ ഈ യുവാവ് രണ്ടു വര്‍ഷം മുന്‍പാണ് ആം ഫോഴ്‌സസ് ഓഫീസസ് ക്ലബില്‍ ജോലിയില്‍ പ്രവേശിച്ചത്.
കോവി!ഡിനെതിരെയുള്ള വാക്‌സിന്റെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം ഈ മാസം പകുതിയോടെയാണ് അബുദാബിയില്‍ ആരംഭിച്ചത്. 20 രാജ്യങ്ങളില്‍നിന്നുള്ള 10,000ത്തിലേറെ പേര്‍ റജിസ്റ്റര്‍ ചെയ്തതായി അബുദാബി ആരോഗ്യവിഭാഗം അറിയിച്ചു. പരീക്ഷണത്തിന് സന്നദ്ധരായി മുന്നോട്ടുവന്നവരില്‍നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ 42 ദിവസം നിരീക്ഷിക്കും. ഈ ദിവസത്തിനിടയില്‍ രാജ്യം വിട്ടുപോകാന്‍ പാടില്ല. ഇതിനിടയില്‍ 17 തവണ അബുദാബി ആരോഗ്യസേവന വിഭാഗമായ സേഹയിലെത്തി തുടര്‍ പരിശോധനയ്ക്കു ഹാജരാകണം. സന്നദ്ധരായി മുന്നോട്ടുവരുന്നവരെ അടുത്ത 6 മാസം വരെ ഫോണിലൂടെ വിളിച്ച് ആരോഗ്യവിവരങ്ങള്‍ രേഖപ്പെടുത്തുമെന്ന് ആരോഗ്യവകുപ്പ് ആക്ടിങ് അണ്ടര്‍ സെക്രട്ടറി ഡോ. ജമാല്‍ മുഹമ്മദ് അല്‍ കാബി പറഞ്ഞു.
ചരിത്ര ദൗത്യത്തിന്റെ ഭാമാകാന്‍ താല്‍പര്യമുള്ള 18നും 60നും ഇടയില്‍ പ്രായമുള്ളവരും മറ്റു രോഗങ്ങള്‍ ഇല്ലാത്തവരുമായവര്‍ ംംം.4വൗാമിശ്യേ.മല വെബ്‌സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണമെന്നും പറഞ്ഞു. ചൈനയിലെ നാഷനല്‍ ബയോടെക് ഗ്രൂപ്പായ സിനോഫാമും അബുദാബിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് ക്ലൗഡ് കംപ്യൂട്ടിങ് ഗ്രൂപ്പായ 42ഉം ചേര്‍ന്നാണ് പദ്ധതിക്കു നേതൃത്വം നല്‍കുന്നത്.