ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയെ പിന്തുണച്ച് നടിയും കോണ്‍ഗ്രസ്സ് വക്താവുമായ ഖുശ്ബു. ഒരു മതവും സ്ത്രീകളുടെ പ്രാര്‍ത്ഥനയ്ക്ക് തടസ്സമാകരുതെന്ന് ഖുശ്ബു അഭിപ്രായപ്പെട്ടു. ശബരിമല ക്യാംപെയ്ന്‍ പൂര്‍ത്തിയായ സ്ഥിതിക്ക് ഇനി പള്ളികളില്‍ എല്ലാ ദിവസവും സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിക്കാനുള്ള അവകാശത്തിനുവേണ്ടിയുളള ക്യാംപെയ്ന്‍ നിങ്ങളെപോലുള്ളവര്‍ ആരംഭിക്കുമോയെന്ന ഒരാളുടെ ചോദ്യത്തിന് ട്വിറ്ററിലാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയത്.
ഒരു മതത്തിലുള്ള ദൈവവും ഭക്തി പ്രകടിപ്പിക്കുന്നതില്‍ നിന്നും സ്ത്രീകളെ വിലക്കില്ലെന്നും ആര്‍ത്തവവും ദൈവത്തിന്റെ സൃഷ്ടിയാണെന്നും ഖുഷ്ബു അഭിപ്രായപ്പെട്ടു, ശബരിമല വിധിയെ വര്‍ഗീയവത്കരിക്കാന്‍ ശ്രമം നടത്തുന്നവരോട് പുച്ഛം തോന്നുന്നുവെന്നും ദൈവം ഒന്നാണെന്നും ദൈവത്തില്‍ യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ വിധി നിങ്ങള്‍ അംഗീകരിക്കുമെന്നും ഖുശ്ബു വ്യക്തമാക്കി.
‘ശബരിമല വിധിയെ വര്‍ഗീയവത്കരിക്കാന്‍ ശ്രമം നടത്തുന്നവരോട് പുച്ഛം തോന്നുന്നു. ദൈവം ഒന്നാണ്. നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈ വിധി അംഗീകരിക്കും. നിങ്ങളെപ്പോലുള്ള മതഭ്രാന്തന്മാരായ സ്ത്രീ വിദ്വേഷികളാണ് വ്യാജന്മാര്‍.അവരാണ് സ്ത്രീകളെ അടിച്ചമര്‍ത്താന്‍ എന്ത് വൃത്തികെട്ട കളിയും കളിക്കുന്നത്.
ചിന്തിച്ചിട്ട് തന്നെയാണോ ഇത്തരം സ്വയം പ്രഖ്യാപിത വിദ്യാഭ്യാമുള്ള മതഭ്രാന്തന്മാര്‍ എന്തെങ്കിലും അഭിപ്രായം പറയുന്നതെന്നോര്‍ത്ത് അത്ഭുതം തോന്നുന്നു. സ്വയം വഞ്ചിച്ച് കൊണ്ട് അവര്‍ സ്ത്രീശാക്തീകരണത്തിനു വേണ്ടി വാദിക്കുന്നത് മടുപ്പുളക്കുന്ന കാഴ്ചയാണ്..ഉണരൂ…സുപ്രീം കോടതി നമുക്കായാണ് നിലകൊള്ളുന്നത്…എല്‍.ജി.ബി.ടി, മുത്തലാഖ്, വിവാഹേതര ലൈംഗികബന്ധം…ഇപ്പോള്‍ ഇതും.’