ന്യൂഡല്‍ഹി: ഏതു പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് നിര്‍ണായക വിധി പറഞ്ഞു. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രായഭേദമന്യേ പ്രവേശിക്കാമെന്നാണ് സുപ്രീം കോടതി വിധിച്ചിരിക്കുന്നത്.
അയപ്പഭക്തന്മാരെ പ്രത്യേക വിഭാഗമായി കണക്കാക്കാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ശാരീരിക അവസഥയുടെ പേരിലുള്ള വിവേചനം ഭരണഘടനാവിരുദ്ധമെന്നും കോടതി ചൂണ്ടിക്കാണിച്ചു. ഭരണഘടനയുടെ 25 വകുപ്പ് തരുന്ന അവകാശങ്ങള്‍ക്ക് ജൈവിക,മാനസിക ഘടകങ്ങള്‍ തടസ്സമല്ലെന്നും കോടതി വിശദമാക്കി. ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങള്‍ സത്രീകളുടെ അവകാശങ്ങള്‍ക്ക് എതിരെന്ന് കോടതി വ്യക്തമാക്കി. ഹിന്ദു സ്ത്രീകളുടെ അവകാശം നിരോധിക്കുന്ന നടപടിയാണ് ശബരിമലയിലേതെന്നും കോടതി വ്യക്തമാക്കി. സത്രീകള്‍ ചെറുതോ പുരുഷന്മാരേക്കാള്‍ വലുതോ അല്ലെന്ന് കോടതി വിശദമാക്കി. ഭരണഘടനയിലെ തുല്യ അവകാശം എല്ലാവര്‍ക്കും ഒരു പോലെ കിട്ടണമെന്നുംഭരണഘടനക്ക് അനുസൃതമായുള്ള വ്യവസ്ഥകളേ അംഗീകരിക്കാനാവൂവെന്നും കോടതി വിശദമാക്കി.
നാല് ജഡ്ജിമാര്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന് വിധിച്ചപ്പോള്‍ ഒരാള്‍ മാത്രം ഇതിനെ എതിര്‍ത്തു. ഇന്ദു മല്‍ഹോത്രയാണ് പ്രവേശനത്തെ എതിര്‍ത്തത്. വിശ്വാസത്തിന്റെ പേരില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയില്ലെന്നാണ് സുപ്രീം കോടതി കണ്ടെത്തിയത്. സ്ത്രീയ്ക്കും പുരുഷനും തുല്യ അവകാശം മാത്രം. സ്ത്രീകളെ മാത്രം തടയുന്നത് അംഗീകരിക്കാനാവില്ല. സ്ത്രീകളോടുള്ള ഇരട്ടത്താപ്പ് തരംതാഴ്ത്തുന്നതിന് തുല്യം; എല്ലാ സ്ത്രീകള്‍ക്കും മലചവിട്ടാമെന്ന് സുപ്രധാന വിധിയാണ് വന്നിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജഡ്ജിമാരായ റോഹിന്റണ്‍ നരിമാന്‍, എ.എം.ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിവരുള്‍പ്പെടുന്നതാണ് ബെഞ്ച്. ഇന്ത്യന്‍ യങ് ലോയേഴ്‌സ് അസോസിയേഷനാണ് പ്രധാന ഹര്‍ജിക്കാര്‍.
ഇതേ ബെഞ്ചാണ് വിവാഹേതര ബന്ധം കുറ്റകരമാക്കുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലും ക്രിമിനല്‍ നടപടി ചട്ടത്തിലുമുള്ള വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമെന്നു പ്രഖ്യാപിച്ചത്. സ്ത്രീകള്‍ക്കു തുല്യത ഉറപ്പാക്കാത്തതും വേര്‍തിരിവു കാട്ടുന്നതുമായ നടപടികള്‍ ഭരണഘടനാ വിരുദ്ധമാണെന്നും നേരത്തേ അംഗീകാരമുണ്ടായിരുന്ന നടപടികളെയും പുരോഗമനപരമായ കാഴ്ചപ്പാടോടെ സമീപിക്കേണ്ടതുണ്ടെന്നും ഇന്നലത്തെ വിധിയില്‍ പറയുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 13 നാണ് ശബരിമല കേസ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലേക്കു മാറ്റിയത്. കഴിഞ്ഞ ജൂലൈ–- ഓഗസ്റ്റില്‍ വാദം നടന്നു.
ശാരീരികാവസ്ഥയുടെ പേരില്‍ സ്ത്രീകളോട് വിവേചനം പാടില്ല എന്നതായിരുന്നു ഹര്‍ജി നല്‍കിയ യംങ് ലോയേഴ്‌സ് അസോസിയേഷന്റെ വാദം. സ്ത്രീകളോടുള്ള വിവേചനം ഭരണഘടന വിരുദ്ധമാണെന്നും യംങ്‌ലോയേഴ്‌സ് അസോസിയേഷന്‍ വാദിച്ചു. ഹര്‍ജിക്കാരുടെ നിലപാടിനെ അനുകൂലിച്ച സംസ്ഥാന സര്‍ക്കാര്‍ സന്യാസി മഠങ്ങള്‍ പോലെ ശബരിമല ക്ഷേത്രം പ്രത്യേക വിഭാഗത്തില്‍പ്പെട്ട ക്ഷേത്രമല്ലെന്ന് വാദിച്ചു.
ആര്‍ത്തവകാലത്ത് സ്ത്രീകളെ ക്ഷേത്രാരാധനയില്‍ നിന്ന് വിലക്കുന്ന ചട്ടം 3 ബി റദ്ദാക്കേണ്ടകാര്യമില്ല. ആ ചട്ടം മാറ്റിവായിച്ചാല്‍ മതി എന്നും സംസ്ഥാന സര്‍ക്കാര്‍ വാദിച്ചു. സര്‍ക്കാര്‍ നിലപാടിനെ പുറത്ത് പിന്തുണച്ച ദേവസ്വം ബോര്‍ഡ് പക്ഷെ കോതിയില്‍ മലക്കം മറിഞ്ഞു. സ്ത്രീ പ്രവേശനം ക്ഷേത്രാചാരങ്ങളുടെയും വിശ്വാസത്തിന്റെയും ലംഘനമാണ്, ശബരിമലയിലെ സവിശേഷ സാഹചര്യത്തില്‍ കോടതിക്ക് ഇടപെടാനാകില്ല, 41 ദിവസത്തെ വൃതശുദ്ധി പാലിക്കാന്‍ സ്ത്രീകള്‍ക്ക് ആകില്ല തുടങ്ങിയ വാദങ്ങള്‍ നിരത്തി. ഓരോ ക്ഷേത്രത്തിലെയും ആചാരങ്ങളും വിശ്വാസവും വ്യത്യസ്തമാണെന്നും ഇത് ഹിന്ദുവിശ്വാസത്തിലെ അവിഭാജ്യഘടകമാണെന്നും ശബരിമല തന്ത്രി വാദിച്ചു.
കാലങ്ങളായി തുടരുന്ന ആചാരങ്ങളില്‍ കോടതി ഇടപെടരുതെന്നായിരുന്നു പന്തളം രാജകുടുംബത്തിന്റെ വാദം. സ്ത്രീകള്‍ക്കുള്ള നിയന്ത്രണം നീക്കുന്നത് വിശ്വാസത്തിന് എതിരാണെന്നും പന്തളം രാജകുടുംബം ആവശ്യപ്പെട്ടു. 60 വര്‍ഷമായി തുടരുന്ന ആചാരങ്ങള്‍ വേണ്ടെന്ന് വെക്കാന്‍ സാധിക്കില്ല എന്ന് എന്‍.എസ്.എസ് വാദിച്ചു. ഭരണഘടനയുടെ 252 അനുഛേദം ശബരിമലയുടെ കാര്യത്തില്‍ പ്രസക്തമല്ല തുടങ്ങിയ വാദങ്ങള്‍ എന്‍.എസ്.എസ് മുന്നോട്ടുവെച്ചിരുന്നു.
അഞ്ചു വിഷയങ്ങളാണു ഭരണഘടനാ ബെഞ്ച് പരിശോധിച്ചത്
ജീവശാസ്ത്രപരമായ കാരണങ്ങളാല്‍ സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കുന്നത് വേര്‍തിരിവാണോ? ആണെങ്കില്‍ ഭരണഘടനയിലെ 14,15,17 വകുപ്പുകളുടെ ലംഘനമാണോ? ഭരണഘടനയുടെ 25,26 വകുപ്പുകളില്‍ പറയുന്ന ‘ധാര്‍മികത’ എന്നതിന്റെ സംരക്ഷണം ഇതിനു ലഭിക്കുമോ?
ഭരണഘടനയുടെ 25ാം വകുപ്പിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കുമ്പോള്‍, സ്ത്രീകളെ ഒഴിവാക്കുന്നത് അനുപേക്ഷണീയ മതാചാരമോ? മതപരമായ കാര്യങ്ങളിലെ സ്വയംനിര്‍ണയാവകാശത്തിന്റെ പേരില്‍ ഒരു മതസ്ഥാപനത്തിന് ഇത്തരമൊരു അവകാശമുന്നയിക്കാമോ?
അയ്യപ്പക്ഷേത്രത്തിന് ഒരു മതവിഭാഗമെന്ന സ്വഭാവമുണ്ടോ? ഉണ്ടെങ്കില്‍, നിയമപരമായി രൂപീകരിക്കപ്പെട്ട ബോര്‍ഡിനാല്‍ ഭരിക്കപ്പെടുന്നതും കേരളത്തിന്റെയും തമിഴ്‌നാടിന്റെയും സഞ്ചിതനിധിയില്‍നിന്നു പണം ലഭിക്കുന്നതുമായ ‘മതവിഭാഗ’ത്തിന് 14,15(3), 39എ), 51എ(ഇ) വകുപ്പുകളില്‍ ഉള്ളടങ്ങുന്ന ഭരണഘടനാ തത്വങ്ങളും ധാര്‍മികതയും ലംഘിക്കാമോ?
കേരള ഹിന്ദു പൊതു ആരാധനാ സ്ഥല (പ്രവേശനാനുമതി) ചട്ടങ്ങളിലെ മൂന്നാം വകുപ്പ് 10നും 50നുമിടയ്ക്കു പ്രായമുള്ള സ്ത്രീകള്‍ക്കു പ്രവേശനം നിഷേധിക്കാന്‍ മതവിഭാഗത്തെ അനുവദിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതു ലിംഗാടിസ്ഥാനത്തിലുള്ള നടപടിയായതിനാല്‍ ഭരണഘടനയുടെ 14,15(3) വകുപ്പുകള്‍ക്കു വിരുദ്ധമാവില്ലേ?
കേരള ഹിന്ദു പൊതു ആരാധനാ സ്ഥല (പ്രവേശനാനുമതി) നിയമത്തിനു വിരുദ്ധമാണോ ഇതിന്റെ അടിസ്ഥാനത്തിലുള്ള ചട്ടങ്ങളിലെ 3(ബി) വകുപ്പ്?
ഈകാര്യങ്ങളില്‍ വാദങ്ങള്‍ കേട്ടശേഷമാണ് വിധി പ്രസ്താവിച്ചിരിക്കുന്നത്.