വനിതാ മാധ്യമ പ്രവര്‍ത്തകരെ ശബരിമലയിലേയ്ക്ക് അയക്കരുതെന്ന നിര്‍ദേശവുമായി ഹിന്ദു സംഘടനകള്‍

കോട്ടയം: വനിതാ മാധ്യമ പ്രവര്‍ത്തകരെ ശബരിമലയിലേയ്ക്ക് അയക്കരുതെന്ന നിര്‍ദേശവുമായി ഹിന്ദു സംഘടനകള്‍. ശബരിമല നട ബുധനാഴ്ച തുറക്കുന്ന സാഹചര്യത്തിലാണ് വനിതാ മാധ്യമ പ്രവര്‍ത്തകരെ അവിടേക്ക് അയക്കരുതെന്ന നിര്‍ദേശവുമായി ഹിന്ദു സംഘടനകള്‍ രംഗത്ത് എത്തിയിരിക്കുന്നത്. മാധ്യമ സ്ഥാപനങ്ങള്‍ക്കാണ് ഹിന്ദു സംഘടനകള്‍ ഈ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്ന് പി.ടി.ഐ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ശബരിമല കര്‍മ സമിതിയാണ് ഈ നിര്‍ദേശം മാധ്യമങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിനെതിരെ സമരം ചെയ്യുന്ന വിശ്വ ഹിന്ദു പരിഷത് ഉള്‍പ്പടെയുള്ള സംഘടനകളുടെ കൂട്ടായ്മയാണ് ശബരിമല കര്‍മ സമിതി. ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ശേഷം രണ്ടാമത്തെ തവണയാണ് ശബരിമല നട തുറക്കാന്‍ പോവുന്നത് .
കഴിഞ്ഞ തവണ മാസപൂജയ്ക്കായി അഞ്ച് ദിവസം നട തുറന്നപ്പോള്‍ ശബരിമലയില്‍ എത്തിയ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായിരുന്നു. ദേശീയ മാധ്യമങ്ങളിലെ അടക്കം വനിതാ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും വാഹനങ്ങള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ചില വനിതാ മാധ്യമ പ്രവര്‍ത്തകര്‍ സന്നിധാനത്തേക്ക് കടക്കാന്‍ ശ്രമിച്ചതും സംഘര്‍ഷത്തിന് കാരണമായി.
റിപ്പോര്‍ട്ടിങ്ങിനായി വനിതാ മാധ്യമപ്രവര്‍ത്തകര്‍ ശബരിമലയില്‍ എത്തുന്നത് സ്ഥിതിഗതികള്‍ വഷളാവാന്‍ ഇടയാക്കുമെന്ന് മാധ്യമ സ്ഥാപനങ്ങളിലെ എഡിറ്റര്‍മാര്‍ക്ക് എഴുതിയ കത്തില്‍ ശബരിമല കര്‍മ സമിതി അവകാശപ്പെടുന്നു. വിശ്വാസികളുടെ നിലപാടിനെ അനുകൂലിക്കാനും പ്രതികൂലിക്കാനുമുള്ള സ്വാതന്ത്ര്യം മാധ്യമങ്ങള്‍ക്ക് ഉണ്ടെന്നും എന്നാല്‍ പ്രകോപനപരമായ നിലപാടുകള്‍ കൈകൊള്ളില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും കത്തില്‍ പറയുന്നു.
യുവതികള്‍ക്ക് പ്രവേശനം നല്‍കുന്ന കോടതി വിധി ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ വിശ്വാസത്തിന് എതിരാണെന്നും ലോകത്തിന്റെ പലഭാഗത്ത് നിന്നുമുള്ള അയ്യപ്പഭക്തര്‍ സമരത്തിന്റെ പാതയിലാണെന്നും കര്‍മ സമിതി അവകാശപ്പെടുന്നു. കോടതി വിധിക്ക് എതിരായുള്ള പുനഃപരിശോധന ഹര്‍ജികള്‍ ഈ മാസം 13ന് പരിഗണിക്കാരിനിരിക്കെ ജനവികാരത്തെ മാനിക്കാതെ പോലീസിനെ ഉപയോഗിച്ച് വിധി നടപ്പാക്കാനാണ് കേരള സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കത്തില്‍ ആരോപിക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7