ന്യൂഡല്‍ഹി: അയോധ്യ അനുബന്ധക്കേസ് വിശാലബെഞ്ചിന് വിടില്ലെന്ന് സുപ്രീംകോടതി. മോസ്‌ക്, ഇസ്ലാമിക വിശ്വാസത്തിന്റെ അവിഭാജ്യ ഘടകമല്ലെന്ന വിധി പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി അറിയിച്ചു. ക്ഷേത്രത്തിനും മസ്ജിദിനും പള്ളിക്കും തുല്യ പ്രാധാന്യമെന്നും കോടതി അറിയിച്ചു.
അയോധ്യക്കേസില്‍ ഈ വിധി പ്രസക്തമല്ലെന്നും അയോധ്യയിലെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് മാത്രം പരിശോധന നടത്തുമെന്ന് കോടതി പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെയും ജസ്റ്റിസ് അശോക് ഭൂഷണിന്റേതുമാണ് വിധി. മൂന്നംഗ ബെഞ്ചില്‍ രണ്ട് വ്യത്യസ്ത വിധികളാണ് ഉള്ളത്. ഭൂരിപക്ഷ വിധിയോട് ജസ്റ്റിസ് അബ്ദുള്‍ നസീര്‍ വിയോജിച്ചു. പുനഃപരിശോധന ആവശ്യമെന്ന് ജസ്റ്റിസ് നസീര്‍ പറഞ്ഞു.
അയോധ്യയിലെ 2.27 ഏക്കര്‍ തര്‍ക്കഭൂമി ഹിന്ദുക്കള്‍ക്കും മുസ്ലിംകള്‍ക്കും നിര്‍മോഹി അഖാഡയ്ക്കുമായി മൂന്നായി വിഭജിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബെഞ്ച് 2010 സെപ്റ്റംബര്‍ 30നു വിധിച്ചു. അതിനെതിരെ നിര്‍മോഹി അഖാഡ, ഹിന്ദു മഹാസഭ, ജംയത്തുല്‍ ഉലമ ഹിന്ദ്, സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡ് തുടങ്ങിവയുടേതും വ്യക്തികളുടേതുമായ ഹര്‍ജികളാണു സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.
1994 ഒക്ടോബര്‍ 24ലെ വിധിയില്‍ സുപ്രീം കോടതിയുടെ മൂന്നംഗ ബെഞ്ചാണു മോസ്‌ക് ഇസ്ലാമിന്റെ അവിഭാജ്യഘടകമല്ലെന്ന പരാമര്‍ശം നടത്തിയത്. അതു വളരെ പൊതുസ്വഭാവമുള്ള പരാമര്‍ശമായിപ്പോയെന്നും നിലവിലെ കേസിനെ ബാധിക്കുന്നുവെന്നുമാണു ഹര്‍ജിക്കാരില്‍ ചിലരുടെ നിലപാട്.