കൊച്ചി: പൊതുവേദിയില്‍ പുരോഹിതന്മാര്‍ മാത്രം ധരിച്ചു കാണുന്ന വലിയ കുരിശുള്ള ജപമാല ധരിച്ച് നടന്‍ ജയറാം. എറണാകുളം നെടുമ്പാശ്ശേരിയില്‍ നടന്ന തറക്കല്ലിടല്‍ ചടങ്ങിനിടെയാണ് വലിയ കുരിശുള്ള മാല ധരിച്ച് താരമെത്തിയത്. ഇതു കണ്ടതോടെ ആരാധകര്‍ ആദ്യം ഞെട്ടി. അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ പ്രളയബാധിതര്‍ക്ക് വീടു വെച്ചു നല്‍കുന്ന ഒപ്പമുണ്ട് നാട് പദ്ധതിയുടെ ചടങ്ങായിരുന്നു വേദി. മാലയെക്കുറിച്ച് ആരോ ചോദിച്ചതോടെ ജയറാം സസ്പെന്‍സ് പൊളിച്ചു.
‘ഒരു ക്രിസ്ത്യാനിയുടെ വീടിന്റെ തറക്കല്ലിടല്‍ ചടങ്ങായതുകൊണ്ട് ജപമാലയിട്ടു പോരാം എന്നു വിചാരിച്ചതല്ല. ഒരു ഷൂട്ടിങിനിടെയാണ് ഇവിടേയ്ക്കു പോരാന്‍ വിളിയെത്തിയത്. അഭിനയിച്ചു കൊണ്ടിരിക്കുന്നതിനിടയിലായതിനാല്‍ വേഷമൊന്നും മാറ്റാന്‍ നിന്നില്ല. ചെന്നിട്ട് ഇതേ വേഷത്തില്‍ തന്നെ വേണം അഭിനയം. പിന്നെന്തിനു സമയം കളയണം, നേരേ ഇങ്ങോട്ടു പോന്നു.’ ജയറാം പറഞ്ഞു.
ലിയോ തദേവൂസിന്റെ ‘ലോനപ്പന്റെ മാമോദീസ’ എന്ന ചിത്രത്തിന്റെ സെറ്റില്‍ നിന്നാണ് ജയറാം എത്തിയത്. കനിഹ, അന്ന രേഷ്മ രാജന്‍ എന്നിവരാണ് നായികമാര്‍. ശാന്തികൃഷ്ണ, അലന്‍സിയര്‍, ദിലീഷ് പോത്തന്‍, ഇന്നസെന്റ് തുടങ്ങിയവരാണ് പ്രധാന താരങ്ങള്‍.