അയോധ്യ കേസില്‍ സുപ്രീം കോടതി നിര്‍ണായക വിധി ഇന്ന്

ന്യൂഡല്‍ഹി: അയോധ്യ രാമജന്മഭൂമി- ബാബറി മസ്ജിദ് തര്‍ക്കകേസില്‍ വ്യാഴാഴ്ച നിര്‍ണായക വിധി സുപ്രീംകോടതി പ്രഖ്യാപിക്കും. മുസ്ലിം മത വിശ്വാസികള്‍ക്ക് പ്രാര്‍ഥനക്കായി ആരാധനാലയം നിര്‍ബന്ധമാണോ അല്ലയോ എന്ന കാര്യത്തിലാണ് കോടതി വിധി പറയുക. ചീഫ് ജസ്റ്റിസ് ദീപക് സമിശ്ര, ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ്.അബ്ദുള്‍ നസീര്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുക.

രാമജന്മഭൂമി- ബാബറി മസ്ജിദ് കേസില്‍ നിര്‍ണായകമായേക്കാവുന്ന വിധിയാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടാവുക. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് വിധി പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അധികാരമൊഴിയുന്നതിന് മുമ്പ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വായിക്കുന്ന അവസാന വിധിന്യായമായിരിക്കും ഇതെന്ന പ്രത്യേകതയുമുണ്ട്.

1994 ലെ ഇസ്മയില്‍ ഫാറൂഖി കേസില്‍ മുസ്ലീങ്ങള്‍ക്ക് നമാസ് എവിടെ വേണമെങ്കിലും നടത്താമെന്നും അതിന് പള്ളി നിര്‍ബന്ധമല്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ആവശ്യമെന്ന് തോന്നിയാല്‍ സര്‍ക്കാരിന് പള്ളി നിലനില്‍ക്കുന്ന ഭൂമി ഏറ്റെടുക്കാമെന്നും വിധിയില്‍ പറഞ്ഞിരുന്നു.

ഈ വിധിയെയാണ് മുസ്ലിം സംഘടനകള്‍ ചോദ്യം ചെയ്യുന്നത്. കേസില്‍ കോടതി ജൂലൈ 20 ന് വിധി പറയേണ്ടതായിരുന്നു. ഇത് പിന്നീട് വ്യാഴാഴ്ചത്തേക്ക് മാറ്റി വെയ്ക്കുകയായിരുന്നു. അതേസമയം 2010 ല്‍ അയോധ്യയിലെ തര്‍ക്കഭൂമി മൂന്നായി വിഭജിച്ചുകൊണ്ടുള്ള അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ചിരിക്കുന്ന ഹര്‍ജികള്‍ വിശാലമായ ഭരണഘടനാ ബെഞ്ചിന് വിടണമോയെന്ന കാര്യത്തിലും സുപ്രീംകോടതി വ്യാഴാഴ്ച വിധിപറയുമെന്നാണ് റിപ്പോര്‍ട്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7