ധവാന്‍, രോഹിത് കൂട്ടുകെട്ടില്‍ പാകിസ്ഥാനെതിരേ ഇന്ത്യയുടെ ജയം 9 വിക്കറ്റിന്

ദുബായ്: തകര്‍ക്കാന്‍ പറ്റാത്ത ഓപ്പണിങ് കൂട്ടുകെട്ടൊരുക്കി ഇന്ത്യ പാക്കിസ്താനെതിരേ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി. ഓപ്പണര്‍മാര്‍ ഇരുവരും സെഞ്ചുറികളുമായി മിന്നുന്ന പ്രകടനം കാഴ്ചവച്ചതോടെ ഇന്ത്യയ്ക്ക് ജയം അനായാസമായി. പതിനഞ്ചാം ഏകദിന സെഞ്ചുറി കുറിച്ച ശിഖര്‍ ധവാന്റെയും 19–ാം സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെയും മികവില്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഒന്‍പതു വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാന്‍ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 237 റണ്‍സെടുത്തപ്പോള്‍, 10 ഓവറും മൂന്നു പന്തും ബാക്കിനില്‍ക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ ലക്ഷ്യം കണ്ടു. രോഹിത് 111 റണ്‍സോടെയും അമ്പാട്ടി റായുഡു 12 റണ്‍സോടെയും പുറത്താകാതെ നിന്നു. ധവാന്‍ 114 റണ്‍സെടുത്ത് റണ്ണൗട്ടായി. ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്.

ഓപ്പണിങ് വിക്കറ്റില്‍ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത രോഹിത്–ധവാന്‍ സഖ്യത്തിന്റെ പ്രകടനമാണ് മല്‍സരത്തിലെ ഹൈലൈറ്റ്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 210 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ധവാന്‍ പുറത്തായശേഷം അമ്പാട്ടി റായുഡുവിനെ കൂട്ടുപിടിച്ച് രോഹിത് ശര്‍മ ആദ്യം സെഞ്ചുറി പൂര്‍ത്തിയാക്കി. പിന്നീട് ടീമിനെ വിജയത്തിലേക്ക് കൈപിടിച്ചു. ഇതിനിടെ ഏകദിനത്തില്‍ 7,000 റണ്‍സ് എന്ന നാഴികക്കല്ലും രോഹിത് പിന്നിട്ടു. ഈ നേട്ടം കൈവരിക്കുന്ന ഒന്‍പതാമത്തെ ഇന്ത്യക്കാരനാണ് രോഹിത്. പിന്നാലെ 19–ാം ഏകദിന സെഞ്ചുറി പൂര്‍ത്തിയാക്കിയ രോഹിത്, ഇക്കാര്യത്തില്‍ ബ്രയാന്‍ ലാറ, മഹേള ജയവര്‍ധനെ, റോസ് ടെയ്‌ലര്‍ എന്നീ ഇതിഹാസ താരങ്ങള്‍ക്ക് ഒപ്പമെത്തി. രാജ്യാന്തര ക്രിക്കറ്റില്‍ 300 സിക്‌സുകള്‍ എന്ന നേട്ടവും ഇതിനിടെ രോഹിത് സ്വന്തമാക്കി.

pathram:
Related Post
Leave a Comment