കോഹ്ലിയേക്കാള്‍ മികച്ച ക്യാപ്റ്റനോ രോഹിത് ശര്‍മ …? ഗവാസ്‌കര്‍ പറയുന്നു

വിരാട് കോഹ്‌ലിക്കു പകരം ഏഷ്യാകപ്പില്‍ ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അവസരം കിട്ടിയത് രോഹിത് ശര്‍മയ്ക്കാണ്. കിട്ടിയ അവസരം രോഹിത് ശരിക്കു മുതലെടുത്തു എന്നുതന്നെ പറയും. ഏഷ്യാകപ്പില്‍ ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളും ജയിച്ചിരിക്കുന്നു ടീം ഇന്ത്യ. പാക്കിസ്ഥാനെതിരായ വിജയവും ഇതില്‍ ഉള്‍പ്പെടുന്നു. ജയിച്ച മൂന്നു മല്‍സരങ്ങളില്‍ രണ്ടിലും അര്‍ധസെഞ്ചുറി നേടി ടീമിന്റെ വിജയശില്‍പിയാവുകയും ചെയ്തു രോഹിത്.

ഇപ്പോള്‍ ക്യാപ്റ്റനെന്ന നിലയിലുള്ള ഉത്തരവാദിത്തം രോഹിത് ശര്‍മയുടെ ബാറ്റിങ് മെച്ചപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി സാക്ഷാല്‍ സുനില്‍ ഗാവസ്‌കര്‍ രംഗത്തെത്തിയിരിക്കുന്നു. മാത്രമല്ല, ഇന്ത്യയെ നയിക്കാന്‍ അവസരം കിട്ടിയപ്പോഴെല്ലാം ക്യാപ്റ്റനെന്ന നിലയില്‍ കഴിവു തെളിയിക്കാന്‍ രോഹിതിനു സാധിച്ചിട്ടുണ്ടെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടുന്നു.

നായകനെന്ന നിലയില്‍ ആദ്യ സീസണില്‍ത്തന്നെ മുംബൈ ഇന്ത്യന്‍സിന് രോഹിത് ശര്‍മ ഐപിഎല്‍ കിരീടം നേടിക്കൊടുത്ത കാര്യവും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ ടീമിനെ നയിക്കാന്‍ അവസരം കിട്ടിയപ്പോഴും രോഹിത് തന്റെ കഴിവു പ്രകടമാക്കിയിട്ടുണ്ട്. ക്ഷമയോടെ ടീമിനെ നിയന്ത്രിക്കാന്‍ രോഹിതിന് സാധിക്കുന്നുണ്ട്. ക്യാപ്റ്റനെന്ന നിലയിലുള്ള ഉത്തരവാദിത്തം അദ്ദേഹത്തിന്റെ ബാറ്റിങ്ങും മെച്ചപ്പെടുത്തിയിരിക്കുന്നു –ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍നിന്ന് തന്നെ ഒഴിവാക്കിയത് തെറ്റായിപ്പോയെന്ന് തെളിയിക്കാനും രോഹിതിന് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും ഉചിതമായ രീതിയില്‍ത്തന്നെ രോഹിത് അത് തെളിയിച്ചു. രോഹിത് ശര്‍മ മികച്ച ഫോമില്‍ ബാറ്റു ചെയ്യുന്നതിനേക്കാള്‍ മികച്ച കാഴ്ചയൊന്നും സമകാലീന ക്രിക്കറ്റിലില്ലെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.

ശിഖര്‍ ധവാനും രോഹിത് ശര്‍മയും ചേരുമ്പോള്‍ നിലവില്‍ ലോകത്തിലെ ഏറ്റവും അപകടകാരികളായ ഓപ്പണിങ് സഖ്യമായി. ഇരുവരും പരസ്പരം പ്രോത്സാഹിപ്പിച്ചും സമ്മര്‍ദ്ദമകറ്റിയുമാണ് ബാറ്റ് ചെയ്യുന്നതെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി. ഇതുവരെ മൂന്നു മല്‍സരങ്ങളില്‍നിന്ന് 79 റണ്‍സ് ശരാശരിയില്‍ 158 റണ്‍സാണ് രോഹിത് ശര്‍മയുടെ സമ്പാദ്യം. രണ്ട് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെയാണിത്. ശിഖര്‍ ധവാനൊപ്പം രണ്ടു മല്‍സരങ്ങളില്‍ ടീമിന് അര്‍ധസെഞ്ചുറി കൂട്ടുകെട്ടിലൂടെ മികച്ച തുടക്കം സമ്മാനിക്കാനും രോഹിതിന് സാധിച്ചു.

ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന് മൂന്നു തവണ കിരീടം നേടിക്കൊടുത്തിട്ടുള്ള താരമാണ് രോഹിത്. മാത്രമല്ല, ഇക്കഴിഞ്ഞ ഡിസംബറില്‍ ശ്രീലങ്കയ്‌ക്കെതിരെ ഏകദിന പരമ്പരയില്‍ 2–-1നും ട്വന്റി20 പരമ്പരയില്‍ 3-–0നും ടീമിനു വിജയം സമ്മാനിക്കുകയും ചെയ്തു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ശ്രീലങ്കയും ബംഗ്ലദേശും ഉള്‍പ്പെട്ട നിദാഹാസ് ട്രോഫി ഇന്ത്യ നേടിയതും രോഹിതിന്റെ നേതൃത്വത്തിലാണ്.

ഗവാസ്‌കറിന്റെ പുകഴ്ത്തലിലൂടെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും വിരാട് കോഹ്ലിയെ മാറ്റി രോഹിത് വരുമോ എന്ന ചോദ്യമാണ് ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത്.

pathram:
Related Post
Leave a Comment