തെരഞ്ഞെടുപ്പ് വരുന്നു; വാട്ട്‌സ്ആപ്പിനെ പൂട്ടാന്‍ കേന്ദ്രത്തിന്റെ പുതിയ നീക്കം

ന്യൂഡല്‍ഹി: അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ വാട്‌സാപ് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങള്‍ വ്യാജസന്ദേശങ്ങള്‍ പ്രചരിക്കുന്നതു തടയാന്‍ കര്‍ശന നീക്കവുമായി കേന്ദ്രസര്‍ക്കാര്‍.
വ്യാജവാര്‍ത്തകള്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഇന്ത്യയില്‍ പരാതിപരിഹാര ഓഫിസറെ വാട്‌സാപ് നിയമിച്ചു. ഗ്ലോബല്‍ കസ്റ്റമര്‍ ഓപറേഷന്‍സ് ലോക്കലൈസേഷന്‍ ഡയറക്ടര്‍ കോമള്‍ ലാഹിരിക്കാണു ചുമതല നല്‍കിയിരിക്കുന്നത്. വ്യാജസന്ദേശങ്ങളെ തുടര്‍ന്നു രാജ്യത്ത് ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍, ഇക്കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നു വാട്‌സാപ്പിനോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

പുതിയ ഓഫിസറെ നിയമിച്ച കാര്യം വെബ്‌സൈറ്റിലൂടെയാണു വാട്‌സാപ് അറിയിച്ചത്. മൊബൈല്‍ ആപ്, ഇ–മെയില്‍ തുടങ്ങിയവ വഴി പരാതികള്‍ അറിയിക്കാം. മൊബൈല്‍ ആപ്പിലെ സെറ്റിങ്‌സ് ഓപ്ഷനില്‍ ചെന്നു പരാതി സമര്‍പ്പിക്കാന്‍ സാധിക്കുമെന്നാണു വെബ്‌സൈറ്റില്‍ പറയുന്നത്.

വാട്‌സാപ്പിന്റെ പ്രധാന വിപണിയായ ഇന്ത്യയില്‍ 200 ദശലക്ഷം ഉപയോക്താക്കളാണുള്ളത്. കൂട്ടത്തോടെയുള്ള മെസേജ് അയക്കല്‍ ഒഴിവാക്കുന്നതിനു കഴിഞ്ഞ ജൂലൈയില്‍ ഫോര്‍വേഡ് ഓപ്ഷനില്‍ കമ്പനി നിയന്ത്രണം വരുത്തിയിരുന്നു. ഒരു തവണ അഞ്ചു പേര്‍ക്കു മാത്രമായി ഫോര്‍വേഡിങ് ചുരുക്കി. സന്ദേശങ്ങള്‍ക്കൊപ്പം ഫോര്‍വേഡ് എന്നും രേഖപ്പെടുത്തുന്ന രീതി വന്നു..

pathram:
Leave a Comment