സഭയെ പിണക്കിയാല്‍ അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയുള്ള ഗവര്‍മെന്റ് എങ്ങനെയാണ് ഒരു സാധാരണ പൗരന് നീതി ലഭ്യമാക്കും: ജോയ് മാത്യു

തിരുവനന്തപുരം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്ന പരാതിയില്‍ ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യാന്‍ വൈകിയതില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. സഭയെ പിണക്കിയാല്‍ അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയുള്ള ഗവര്‍മെന്റ് എങ്ങനെയാണ് ഒരു സാധാരണ പൗരന് നീതി ലഭ്യമാക്കുക എന്ന് അദ്ദേഹം ചൊദിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ജോയ് മാത്യുവിന്റെ പ്രതികരണം.

കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും നട്ടെല്ല് വളയാത്ത മനുഷ്യര്‍ വരുന്നു. ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. മനസ്സുകൊണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പമാണെങ്കിലും ആണുങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടികളിലെ സമ്മേളനങ്ങളില്‍ ബാനര്‍ പിടിച്ചു മുന്നില്‍ നടക്കുക മാത്രം ശീലിമാക്കിയതിനാല്‍ പാര്‍ട്ടിപ്പേടി എന്ന അസുഖം ബാധിച്ച് സമരപ്പന്തലിന്റെ അയലത്തുകൂടി ഇവരാരും പോവില്ലെന്നും ജോയ് മാത്യു പറയുന്നു.

ജോയ് മാത്യു ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

പ്രതീക്ഷനല്‍കുന്ന യുവജനക്കൂട്ടം

——————————————

ബിഷപ്പിന്റെ കുപ്പായമിട്ട ഫ്രാങ്കോ തന്നെ പീഡിപ്പിച്ചെന്ന ഒരു കന്യാസ്ത്രീയുടെ പരാതി പൊലീസിന് ലഭിച്ചിട്ട് 84 ദിവസങ്ങള്‍ കഴിയുന്നു .നീതിക്കുവേണ്ടി കന്യാസ്ത്രീകള്‍ തെരുവില്‍ നിരാഹാരസമരം തുടങ്ങിയിട്ട് 14 ദിവസമാകുന്നു . ജനാധിപത്യക്രമത്തില്‍ പുലരുന്ന ഒരു നാട്ടില്‍ പൗരന്മാര്‍ക്ക് രണ്ടുതരം നീതിയും നിയമവും !സഭയെ പിണക്കിയാല്‍ അധികാരം നഷ്ടപ്പെടുമോ എന്ന ഭീതിയുള്ള ഗവര്‍മെന്റ് എങ്ങിനെയാണ് ഒരു സാധാരണ പൗരന് നീതി ലഭ്യമാക്കുക എന്ന ചോദ്യം ബാക്കിയാവുന്നു.

കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നും നട്ടെല്ല് വളയാത്ത മനുഷ്യര്‍ വരുന്നു .ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്നു. മനസ്സുകൊണ്ട് കന്യാസ്ത്രീകള്‍ക്കൊപ്പമാണെങ്കിലും ആണുങ്ങള്‍ ഭരിക്കുന്ന പാര്‍ട്ടികളിലെ സമ്മേളനങ്ങളില്‍ ബാനര്‍ പിടിച്ചു മുന്നില്‍ നടക്കുക മാത്രം ശീലിമാക്കിയതിനാല്‍ പാര്‍ട്ടിപ്പേടി എന്ന അസുഖം ബാധിച്ച് സമരപ്പന്തലിന്റെ അയലത്തുകൂടി ഇവരാരും പോവില്ല .എന്നാല്‍ ലക്ഷങ്ങള്‍ (ചിരിപ്പിക്കരുത്)വരുന്ന വിവിധതരം യൂണിഫോമിട്ട യുവജന വിഭാഗങ്ങള്‍ എല്ലാ പാര്‍ട്ടിക്കാര്‍ക്കുമുണ്ട്.

ലിബിയയിലെയും, പലസ്തീനിലെയും എന്തിന് അന്റാര്‍ട്ടിക്കയിലെ പോരാട്ടങ്ങള്‍ക്ക് വരെ പിന്തുണകൊടുക്കുന്ന ,സദ്ദം ഹുസൈന് അഭിവാദ്യമര്‍പ്പിക്കുന്ന , അമേരിക്കന്‍ സാമ്രാജ്യത്വത്തിനെതിരെ മുദ്രാവാക്യം മുഴക്കുന്ന, ഹര്‍ത്താലും ബന്ദും നടത്തി നടത്തി വൃദ്ധരായിപ്പോയ യുവജനങ്ങളും പാര്‍ട്ടിപ്പേടി ബാധിച്ചു കിടപ്പിലായി എന്ന് കരുതി നിരാശനായിരിക്കുമ്പോഴാണ് ഭരിക്കുന്ന മുന്നണിയില്‍ തങ്ങളുടെ പാര്‍ട്ടിയും ഉണ്ടെന്ന് അറിഞ്ഞിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യണമെനാവശ്യപ്പെട്ട് തെരുവിലിറങ്ങാന്‍ തയ്യാറായത് എ.ഐ.വൈ.എഫ് എന്ന യുവജന സംഘടനമാത്രം.

തങ്ങള്‍ ഇപ്പോഴും യുവാക്കളാണെന്നും നീതി നിഷേധിക്കപ്പെട്ടവര്‍ക്കൊപ്പമാണെന്നും പ്രഖ്യാപിച്ച് മുന്നോട്ടു വരാന്‍ ഒരു എ.ഐ.വൈ.എഫ് ഉണ്ടായി .അതെ ഈ ചെറുപ്പക്കാര്‍ മനുഷ്യരിലെ നീതിബോധം ഇനിയും മരിച്ചിട്ടില്ല എന്ന പ്രതീക്ഷ നമുക്ക് നല്കുന്നു

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7