ചേട്ടന്മാര്‍ വിളിച്ചാല്‍ കൂടെപ്പോകണമെന്നു പറഞ്ഞു; കട്ടിലില്‍ തള്ളിയിട്ട് മര്‍ദ്ദിച്ചു; എസ്എഫ്‌ഐക്കാരുടെ റാഗിങ്ങിന് ഇരയായ പെണ്‍കുട്ടിയെ പരാതി നല്‍കിയതിന് കോളെജില്‍ നിന്ന് പുറത്താക്കി

ആലപ്പുഴ: വണ്ടിപ്പെരിയാര്‍ ഗവ. പോളിടെക്‌നിക് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ റാഗിങ്ങിന് ഇരായായ പെണ്‍കുട്ടിയെ കോളെജില്‍ നിന്ന് പുറത്താക്കി. ആലപ്പുഴ പൂങ്കാവിലെ വീട്ടിലിരുന്ന് ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുകയാണ് പെണ്‍കുട്ടി.
”അന്നു രാത്രി ഹോസ്റ്റല്‍ മുറിയില്‍ എട്ടു സീനിയര്‍ പെണ്‍കുട്ടികള്‍ റാഗിങ് എന്ന പേരില്‍ മുട്ടിന്മേല്‍ നിര്‍ത്തി. കട്ടിലില്‍ തള്ളിയിട്ടു മര്‍ദിച്ചു. കൈ പിടിച്ചു തിരിച്ചു. തോളില്‍ ഇടിച്ചു. മേട്രണു മുന്നിലെത്തി, അച്ഛനെ വിളിച്ചു വിവരം പറയണമെന്നു കരഞ്ഞപ്പോള്‍ ഇതൊക്കെ സ്വാഭാവികമല്ലേ, വീട്ടില്‍ വിളിച്ചു പരാതി പറയരുതെന്നായിരുന്നു ഉപദേശം. വിവരമറിഞ്ഞു ഹോസ്റ്റലിലെത്തിയ കോളജിലെ ഒരു അധ്യാപികയും ഇതൊക്കെത്തന്നെ ആവര്‍ത്തിച്ചു.”
”ഈ മാസം മൂന്നിന് ആദ്യമായി ക്ലാസിലെത്തിയപ്പോള്‍ സീനിയര്‍ പെണ്‍കുട്ടികള്‍ വന്ന്, ചേട്ടന്മാര്‍ വിളിച്ചാല്‍ കൂടെപ്പോകണമെന്നു പറഞ്ഞു. ശാരീരിക ബുദ്ധിമുട്ടുണ്ടെന്നു പറഞ്ഞിട്ടും എന്നെ സമരത്തിന്റെ ഭാഗമായുള്ള പ്രകടനത്തിനു മുന്നില്‍ ഉന്തിത്തള്ളി നിര്‍ത്തി. മലയിറങ്ങുമ്പോള്‍ മുന്നോട്ട് ഉന്തി എന്നെ വീഴ്ത്തി. വഴിയില്‍ സീനിയര്‍ ആണ്‍കുട്ടികള്‍ ഭീഷണിപ്പെടുത്തി. രാത്രിയായിരുന്നു സീനിയര്‍ പെണ്‍കുട്ടികളുടെ മര്‍ദനം. രാത്രി എട്ടുമണിയോടെ അച്ഛന്‍ വിളിച്ചപ്പോള്‍, റാഗിങ് വിവരങ്ങള്‍ പറയരുതെന്ന് അവര്‍ ചുറ്റും നിന്നു ഭീഷണിപ്പെടുത്തി. പക്ഷേ, വിവരമറിഞ്ഞ് അച്ഛന്‍ അന്നു രാത്രിതന്നെ വണ്ടിപ്പെരിയാറിലെത്തി. ഞങ്ങള്‍ പ്രിന്‍സിപ്പലിനും പൊലീസിനും പരാതി കൊടുത്തു. പിന്നീടായിരുന്നു പുറത്താക്കല്‍ .

പന്ത്രണ്ടിനു ടിസി ഹാജരാക്കണമെന്നാവശ്യപ്പെട്ട് 11നു കോളജില്‍നിന്നു കത്തയച്ചുവെന്നാണു പ്രിന്‍സിപ്പല്‍ പറയുന്നത്. പക്ഷേ, 12നു കോളജില്‍ റാഗിങ് വിരുദ്ധ സമിതിയുടെ തെളിവെടുപ്പിനു ഹാജരാകണമെന്ന് അറിയിച്ചിരുന്നതിനാല്‍ ഞങ്ങള്‍ വണ്ടിപ്പെരിയാറിലായിരുന്നു. കത്തു ഞങ്ങള്‍ക്കു കിട്ടിയിട്ടില്ല. എന്നു ടിസി ഹാജരാക്കണമെന്നും പറഞ്ഞിട്ടില്ല. എന്നെ പുറത്താക്കാന്‍ ഒരു കാരണമുണ്ടാക്കുകയാണു കോളജ് അധികൃതരുടെ ലക്ഷ്യം.

പന്ത്രണ്ടിനു തെളിവെടുപ്പെന്നു പറഞ്ഞു വിളിച്ചുവരുത്തി ഞങ്ങളെ അപായപ്പെടുത്താനായിരുന്നു ശ്രമം. പൊലീസ് സംരക്ഷണം മുന്‍കൂര്‍ ആവശ്യപ്പെട്ടിരുന്നതിനാല്‍ ജീവന്‍ തിരിച്ചുകിട്ടി. പ്രാദേശിക സിപിഎം നേതാക്കളുടെ സഹായത്തോടെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഞങ്ങളെയും ഒപ്പമെത്തിയ പൊലീസുകാരെയും വളഞ്ഞത്. പ്രിന്‍സിപ്പലിന്റെ മൗനാനുവാദം അവര്‍ക്കുണ്ടായിരുന്നു.” – വിദ്യാര്‍ഥിനി പറഞ്ഞു.

പ്രിന്‍സിപ്പലോ കോളജ് അധികൃതരോ ഇതുവരെ വിളിച്ചു വിവരങ്ങള്‍ തിരക്കിയിട്ടില്ലെന്നു പെണ്‍കുട്ടിയുടെ രക്ഷാകര്‍ത്താക്കള്‍ പറഞ്ഞു. കഴിഞ്ഞ ഏഴിനു കോളജിലെ അച്ചടക്ക സമിതിക്കു മുന്നില്‍ മൂന്നര മണിക്കൂര്‍ മൊഴി നല്‍കി. മോശമായ പെരുമാറ്റമായിരുന്നു അവസാന നിമിഷംവരെ പ്രിന്‍സിപ്പലിന്റെ ഭാഗത്തുനിന്നുണ്ടായതെന്നു പെണ്‍കുട്ടി ആരോപിച്ചു. ”പഠിക്കാന്‍ സര്‍ക്കാര്‍ നല്‍കിയ അവസരം തട്ടിത്തെറിപ്പിക്കുകയും അപമാനിക്കുകയും ചെയ്തവര്‍ക്കെതിരെ അന്വേഷണം വേണം. തെറ്റുകാരായ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമെതിരെ നടപടിയെടുക്കണം. തുടര്‍ന്നു പഠിക്കാന്‍ അവസരം നല്‍കണം.” പെണ്‍കുട്ടി കണ്ണീരോടെ പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7