കോഴിക്കോട്: ശബരിമല തീര്‍ഥാടകരില്‍ നിന്ന് നിലയ്ക്കല്‍–- പമ്പ റൂട്ടില്‍ കൂടുതല്‍ ടിക്കറ്റുനിരക്ക് ഈടാക്കുന്നതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി മന്ത്രി എ.കെ. ശശീന്ദ്രന്‍. കൂട്ടിയ നിരക്ക് കെഎസ്ആര്‍ടിസി കുറയ്ക്കില്ലെന്നു മന്ത്രി വ്യക്തമാക്കി. ഇന്ധനവിലവര്‍ധനയാണു നിരക്കു കൂട്ടാന്‍ കാരണം. ഇക്കാര്യം അയ്യപ്പഭക്തര്‍ മനസ്സിലാക്കും. ദേവസ്വം ബോര്‍ഡ് വാഹനസര്‍വീസ് ഏര്‍പ്പെടുത്തിയാല്‍ കെഎസ്ആര്‍ടിസി പിന്‍മാറും. ത്യാഗം സഹിച്ചു കെഎസ്ആര്‍ടിസി ബസ് ഓടിക്കേണ്ടതില്ലെന്നും ശശീന്ദ്രന്‍ പറഞ്ഞു.
പമ്പയില്‍ കെഎസ്ആര്‍ടിസി അമിത നിരക്ക് ഈടാക്കുന്നതിനെതിരെ ദേവസ്വം ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ഏകപക്ഷീയമായി നിരക്കു കൂട്ടിയത് അംഗീകരിക്കില്ലെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ പറഞ്ഞു. നിരക്ക് ഉടന്‍ കുറയ്ക്കണം. അല്ലെങ്കില്‍ ബസ് വാടകയ്‌ക്കെടുത്തു പകരം സംവിധാനമൊരുക്കും. കെഎസ്ആര്‍ടിസിയുടെ നഷ്ടം നികത്തേണ്ടതു ഭക്തരെ ഉപയോഗിച്ചല്ലെന്നും പത്മകുമാര്‍ പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് മന്ത്രി രംഗത്തെത്തിയത്.
പ്രളയത്തെ തുടര്‍ന്ന് നിലയക്കലിലാണ് ബേസ് ക്യാംപ് ഉള്ളത്. നേരത്തെ ഭക്തര്‍ക്ക് പമ്പ വരെ സ്വന്തം വാഹനങ്ങളുമായി പോകാമായിരുന്നു. എന്നാല്‍ ഇപ്പോള്‍ നിലയക്കലില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത്, കെ.എസ്.ആര്‍ടിസി ബസില്‍ വേണം പമ്പയില്‍ എത്താന്‍.
ഈവര്‍ഷം മുതലാണ് ഈ പരിഷ്‌കരണം നടപ്പാക്കിയത്. തിരിച്ച് പോകുന്ന ഭക്തര്‍ കെ.എസ്.ആര്‍ടിസിയില്‍ പമ്പ മുതല്‍ നിലയ്ക്കല്‍ വരെ പോകണമെന്നത് നേരത്തെ നടപ്പിലാക്കിയിട്ടുണ്ടായിരുന്നു. വന്‍തുകയാണ് ബസ് ചാര്‍ജ് ആയിട്ട് ഈടാക്കുന്നതെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ശബരിമലയിലേക്ക് എത്തുമ്പോഴും കെ.എസ്.ആര്‍.ടിസിയെ ആശ്രയിക്കേണ്ടി വരുന്നത്. ഇതിനുള്ള ചാര്‍ജ് മൂന്നിരട്ടിയോളം വാങ്ങുന്നതായും ഭക്തര്‍ പരാതിപ്പെട്ടിട്ടുണ്ട്.
ഈ സാഹചര്യത്തിലാണു നിരക്ക് കുറയ്ക്കണമെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് തന്നെ ആവശ്യപ്പെട്ടത്. ബസുകള്‍ ആവശ്യത്തിന് ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്.ഞായറാഴ്ച വൈകിട്ട് 4.55നാണ് കന്നിമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നത്. പ്രളയശേഷം ആദ്യമായി പ്രവേശനം അനുവദിച്ചപ്പോള്‍ ആയിരങ്ങളാണ് ശബരിമലയിലെത്തിക്കൊണ്ടിരിക്കുന്നത്. ഈ തിരക്കിനിടെ കെ.എസ്.ആര്‍ടിസിയുടെ വരുമാനം കൂട്ടാനുള്ള കൊള്ളയടിയാണ് നടക്കുന്നതെന്ന് പരാതി ഉയര്‍ന്നു. വിവിധ സംഘടനകള്‍ ഇതിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.