ഹാരിസണ്‍ കേസില്‍ സര്‍ക്കാരിന് തിരിച്ചടി; ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷ്യല്‍ ഓഫിസര്‍ക്ക് അധികാരമില്ലെന്ന് സുപ്രീം കോടതി

ഹാരിസണ്‍ മലയാളം ഭൂമിയേറ്റെടുപ്പു കേസില്‍ സ്‌പെഷല്‍ ഓഫിസറുടെ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി. ഭൂമി ഏറ്റെടുക്കാനായി സ്‌പെഷല്‍ ഓഫിസര്‍ പറഞ്ഞ കാരണങ്ങള്‍ ഹൈക്കോടതി കൃത്യമായി പരിശോധിച്ചില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. കേരള ഭൂ സംരക്ഷണ നിയമ പ്രകാരം സ്‌പെഷല്‍ ഓഫിസര്‍ക്കു കോടതിയുടെ അധികാരങ്ങളുണ്ടെന്നായിരുന്നു സര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നത്. എന്നാല്‍, ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷല്‍ ഓഫിസര്‍ക്ക് അധികാരം ഇല്ലെന്നു സുപ്രീംകോടതി വ്യക്തമാക്കി. ഹാരിസണ്‍ മലയാളം കമ്പനിയുടെ കൈവശമുള്ളതും കൈമാറ്റം ചെയ്തതുമായ 38,000 ഏക്കര്‍ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതാണു ഹൈക്കോടതി തടഞ്ഞത്. ഈ വിധിക്കെതിരെയാണു സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്.
സ്‌പെഷല്‍ ഓഫിസറെ നിയമിച്ചു ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വിധിച്ച ഹൈക്കോടതി, ഭൂമിയുടെ ഉടമസ്ഥാവകാശം ഹാരിസണാണെന്നു വിധിക്കാത്ത സാഹചര്യത്തില്‍ അപ്പീലിനു പ്രസക്തിയുണ്ടെന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്. ഭൂമി തട്ടിപ്പു നടന്നതായി കണ്ടെത്താനുള്ള സിവില്‍ കോടതികളുടെ അധികാരം സ്‌പെഷല്‍ ഓഫിസര്‍ക്കില്ലെന്നേ ഹൈക്കോടതി പറഞ്ഞിട്ടുള്ളൂ. തട്ടിപ്പു നടന്നിട്ടുണ്ടെങ്കില്‍ കോടതി വഴിയാണു നടപടി സ്വീകരിക്കേണ്ടതെന്നു വിധിയില്‍ പറയുന്നതായും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍, ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സ്‌പെഷല്‍ ഓഫിസര്‍ക്ക് അധികാരം ഇല്ലെന്നു സുപ്രീംകോടതി വ്യക്തമാക്കിയ സാഹചര്യത്തില്‍ സര്‍ക്കാരിനു വഴികളടയുകയാണ്. ഭൂസംരക്ഷണ നിയമപ്രകാരം ഹാരിസണ്‍ എസ്‌റ്റേറ്റുകള്‍ ഏറ്റെടുക്കാന്‍ തടസ്സമുണ്ട്. രേഖകള്‍ ഉണ്ടെന്നു കമ്പനി വാദിക്കുന്ന സാഹചര്യത്തില്‍ സിവില്‍ കോടതിയില്‍ അതിനെതിരായ തെളിവുകള്‍ നിരത്തി കേസ് വിജയിച്ചാലും അപ്പീലുകളില്‍ കുരുങ്ങി നടപടികള്‍ നീളും. കയ്യേറ്റം തടയല്‍ നിയമം വന്നാല്‍ അതുപയോഗിച്ചു പ്രത്യേക കോടതി വഴി ഏറ്റെടുക്കല്‍ വേഗത്തിലാക്കാനാകുമെന്നാണു ഇനി സര്‍ക്കാരിന്റെ പ്രതീക്ഷ.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7