പി.കെ ശശി എം.എല്‍എയ്ക്ക് എതിരെ വാട്‌സ് ആപ്പ് പരാമര്‍ശം; നഗരസഭ ജീവനക്കാരനെ സസ്‌പെന്‍ഡ് ചെയ്തു

കാഞ്ഞങ്ങാട്: പി.കെ.ശശി എംഎല്‍എയ്ക്കും, ഡിവൈഎഫ്ഐ നേതാവ് ജീവന്‍ ലാലിനുമെതിരെ വാട്സ്ആപ്പില്‍ പരാമര്‍ശം നടത്തിയ നഗരസഭാ ജീവനക്കാരന് സസ്പെന്‍ഷന്‍. കാഞ്ഞങ്ങാട് നഗരസഭയിലെ ഓഫീസ് അസിസ്റ്റന്റായ മുഹമ്മദ് റിയാസിനെയാണ് തദ്ദേശസ്വയം ഭരണ വകുപ്പ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.

റിയാസ് അഡ്മിനായ നഗരപാലിക എന്നവാട്സ്ആപ്പ് ഗ്രൂപ്പിലാണ് എംഎല്‍എയ്ക്കും ജീവന്‍ ലാലിനുമെതിരെയുമുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. നഗരസഭയിലെ ജീവനക്കാരും, മുന്‍ ജീവനക്കാരും, കൗണ്‍സിലര്‍മാരും അംഗങ്ങളായ വാട്സ്ആപ്പ് കൂട്ടായ്മയാണിത്. പി.കെ.ശശി എംഎല്‍എയ്ക്കും, ഡിവൈഎഫ്ഐ നേതാവിനും എതിരെ ഉയര്‍ന്ന ലൈംഗീക പീഡനപരാതി സംബന്ധിക്കുന്ന കുറിപ്പാണ് ഗ്രൂപ്പില്‍ പ്രചരിച്ചത്. പോസ്റ്റില്‍ പാര്‍ട്ടി നടത്തുന്ന അന്വേഷണത്തെക്കുറിച്ചും മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്.

ഇക്കാര്യം ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നഗരസഭ ചെയര്‍മാന്‍ വി.വി.രമേശന്‍ തദ്ദേശ സ്വയംഭരണ വകുപ്പിന് പരാതി നല്‍കുകയായിരുന്നു. ജീവനക്കാരന്‍ സര്‍വീസ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്.കൃത്യനിര്‍വഹണത്തില്‍ മുഹമ്മദ് റിയാസ് നിരന്തരം വീഴ്ച വരുത്താറുണ്ടെന്നും പരാതിയിലുണ്ട്. എന്നാല്‍ തനിക്കെതിരായ നടപടി രാഷ്ട്രീയ ഗൂഡാലോചനയുടെ ഭാഗമാണെന്ന് റിയാസ് പ്രതികരിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular