തിരുവനന്തപുരം: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിലെ പ്രതിയായ സരിത എസ്. നായരെ കാണാനില്ലെന്ന് പൊലീസ് കോടതിയില്‍. കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയെന്ന കേസില്‍ സരിതയെ അറസ്റ്റ് ചെയ്ത് ഹാജാരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാന്‍ സാധിക്കാതെ വന്നതിന്റെ കാരണമായിട്ടാണ് പ്രതിയായ സരിതയെ കാണാനില്ലെന്ന് പൊലീസ് അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെ അറിയിച്ചത്.
മുമ്പ് കോടതി കേസ് പരിഗണിച്ച അവസരത്തില്‍ ഒന്നും ഒന്നാം പ്രതിയായ സരിത ഹാജരായിരുന്നില്ല. സരിത ഹാജരാക്കുന്നതില്‍ വീഴ്ച്ച വരുത്തിയതോടെയാണ് കോടതി വാറന്റ് പുറപ്പെടുവിച്ചത്. പക്ഷേ വാറന്റ് നടപ്പാക്കാന്‍ സാധിച്ചില്ലെന്നും പ്രതിയെ കാണാനില്ലെന്നും പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.
കാറ്റാടിയന്ത്രത്തിന്റെ വിതരണാവകാശം നല്‍കാമെന്ന് പറഞ്ഞ് സരിതയും കൂട്ടുപ്രതികളായ ബിജു രാധാകൃഷ്ണന്‍, ഇന്ദിരാദേവി, ഷൈജു സുരേന്ദ്രന്‍ എന്നിവര്‍ ചേര്‍ന്ന് കാട്ടാക്കട സ്വദേശി അശോക് കുമാറില്‍ ലക്ഷങ്ങള്‍ തട്ടിച്ചതായിട്ടാണ് കേസ്. നാലര ലക്ഷംരൂപയാണ് പ്രതികള്‍ അശോക് കുമാറില്‍ നിന്നും തട്ടിയെടുത്തത്. 2009 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.