തിരുവനന്തപുരം: പ്രളയത്തിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് മന്ത്രി എം.എം.മണി. പ്രളയത്തെ തുടര്‍ന്ന് സംസ്ഥാനത്തെ ആറ് പവര്‍ ഹൗസുകളുടെ പ്രവര്‍ത്തനം നിലച്ചതാണ് വൈദ്യുതി ഉല്‍പ്പാദനംകുറയാന്‍ കാരണം. പവര്‍ ഹൗസുകളുടെ പ്രവര്‍ത്തനം നിലച്ചതോടെ വൈദ്യുതി ലഭ്യതയില്‍ 350 മെഗാവാട്ടിന്റെ കുറവാണുണ്ടായതെന്ന് മന്ത്രി പറഞ്ഞു
കേന്ദ്രപൂളില്‍ നിന്നുള്ള വൈദ്യുതി വിഹിതത്തിലും കുറവ് വന്നത് ബോര്‍ഡിന് തിരിച്ചടിയായി. ആകെ 750 മെഗാവാട്ടിന്റെ കുറവാണ് സംസ്ഥാനത്ത് ഇതുമൂലം ഉണ്ടായിരിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നിലവിലെ സാഹചര്യത്തില്‍ പുറത്ത് നിന്ന് വൈദ്യുതി വാങ്ങി പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അത് സാധ്യമാകുന്നില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണം വേണ്ടി വരുമെന്നാണ് മന്ത്രി മുന്നറിയിപ്പ് നല്‍കുന്നത്.
കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈകീട്ട് 6.30 മുതല്‍ രാത്രി 9.30 വരെ ഭാഗിക വൈദ്യുതി നിയന്ത്രണമുണ്ടായിരുന്നു. ആറ് പവര്‍ സ്റ്റേഷനുകള്‍ മണ്ണും പാറക്കഷ്ണങ്ങളും അടിഞ്ഞ് തകരാറിലാണ്. ലോവര്‍പെരിയാര്‍ പവര്‍സ്റ്റേഷനിലെ ടണല്‍ കല്ലും മണ്ണും അടിഞ്ഞ് കൂടിയതിനാല്‍ അറ്റകുറ്റപ്പണികള്‍ പോലും ദുഷ്‌കരമാണ്. പന്നിയാറിലെ രണ്ട് പവര്‍ഹൗസുകളും, മാട്ടുപ്പെട്ടി, കുത്തുങ്കല്‍, ഇരുട്ടുകാനം, പെരിങ്കല്‍കുത്ത് പവര്‍ സ്റ്റേഷനുകളിലെ ജനറേറ്ററുകളും പ്രളയത്തെ തുടര്‍ന്ന് തകരാറിലായിരുന്നു.