കൊച്ചി: ഹനാന്റെ ഒന്നരവര്‍ഷത്തെ കാത്തിരിപ്പിന് ഒടുവില്‍ ഫലമുണ്ടായി. അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന ഹനാനെ കാണാന്‍ പിതാവ് ഹമീദ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലെത്തി. പിതാവിന്റെ വരവ് അവളെ തെല്ലൊന്നുമല്ല ആഹ്ലാദത്തിലാക്കിയത്. അപകടത്തെ തുടര്‍ന്ന് നട്ടെല്ലിന് പൊട്ടലേറ്റ ഹനാനെ അപകടവിവരം അറിഞ്ഞ് പിതാവ് ഫോണില്‍ ബന്ധപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഹമീദ് മകളെ കാണാനെത്തിയത്.
പിതാവിന്റെ നെഞ്ചില്‍ തലചേര്‍ത്ത് വെച്ച് വേദനകള്‍ മറക്കുകയാണ് ഹനാന്‍. ഇനി തനിക്കും സുഖമില്ലാത്ത അമ്മയ്ക്കും ഒപ്പം പിതാവ് ഉണ്ടാകുമെന്നു തന്നെയാണ് അവള്‍ പ്രതീക്ഷിക്കുന്നത്. ജീവിക്കാന്‍ വേണ്ടി മീന്‍കച്ചവടത്തിനിറങ്ങിയ ഈ ഡിഗ്രിക്കാരിയുടെ കഥ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. എന്നാല്‍ പെട്ടെന്നായിരുന്നു അവളുടെ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തി കാറപകടം എത്തിയത്. കഴിഞ്ഞ ദിവസം രാവിലെ ആറു മണിക്ക് കാറില്‍ പോകുമ്പോള്‍ നിയന്ത്രണംവിട്ട് കാര്‍ വൈദ്യുത പോസ്റ്റിലിടിച്ചു തകരുകയായിരുന്നു.
അപകടസമയത്ത് കാറിന്റെ മുന്‍സീറ്റിലിരുന്ന ഹനാനെ നട്ടെല്ലിന് പരിക്കേല്‍ക്കുകയായിരിന്നു. ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയ ഹനാന്റെ നട്ടെല്ലിന്റെ പന്ത്രണ്ടാമത്തെ കശേരുവിനാണ് പൊട്ടലുള്ളത്. അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനാനെ നട്ടെല്ലിന് പരിക്കേറ്റതിനാലാണ് മെഡിക്കല്‍ ട്രസ്റ്റിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ തനിക്കുണ്ടായ അപകടം മനപ്പൂര്‍വമാണെന്നാണ് ഹനാന്റെ സംശയം. അത് സ്വാഭാവിക അപകടമല്ലെന്നും തന്നെ മനഃപൂര്‍വം അപകടത്തില്‍പ്പെടുത്തിയതാണെന്ന് സംശയമുണ്ടെന്നാണ് ഹനാന്‍ പറയുന്നത്.
ഡ്രൈവറുടെ പെരുമാറ്റവും അപകടം നടന്ന ഉടന്‍ പറന്നെത്തിയ ഓണ്‍ലൈന്‍ മാധ്യമവുമാണ് സംശയത്തിന് ഇടനല്‍കുന്നത്. രാവിലെ ആറു മണിക്ക് ശേഷമാണ് അപകടമുണ്ടാകുന്നത്. ഈ സമയത്ത് പേരു പോലും കേള്‍ക്കാത്ത മാധ്യമം എങ്ങനെയെത്തിയെന്ന് അറിയില്ലെന്നാണ് ഹനാന്‍ പറയുന്നത്. അപകടത്തില്‍ പരിക്കേറ്റ് വേദനകൊണ്ട് പുളഞ്ഞുകൊണ്ടിരുന്ന തന്റെ ദൃശ്യങ്ങള്‍ തങ്ങളുടെ എക്‌സ്‌ക്ലൂസീവ് എന്നു പറഞ്ഞു കൊടുത്തു. അപകടം നടന്നതു രാവിലെ ആറുമണിക്ക് ശേഷമാണ്.
ഈ സമയത്ത് ഇവരെ ആര് വിളിച്ചുവരുത്തിയെന്നും ഇത്രവേഗം ഇത്തരം ഒരു സ്ഥലത്ത് എത്തിയെന്നും അറിയില്ല. തന്റെ സമ്മതമില്ലാതെ ഇവര്‍ ഫേസ്ബുക്ക് ലൈവ് ഇട്ടു. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ പറയുന്ന കാര്യങ്ങളില്‍ പൊരുത്തക്കേടുണ്ട്. ഇദ്ദേഹത്തിന്റെ പെരുമാറ്റം സംശയാസ്പദമാണെന്ന് ആശുപത്രിയില്‍ കൂടെയുള്ളവര്‍ പറയുന്നുണ്ട്.