ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണങ്ങളുമായി കൂടുതല്‍ കന്യാസ്ത്രീകള്‍; മഠത്തില്‍ വെച്ച് കയറിപ്പിടിച്ചു! ബലമായി ആലിംഗനം ചെയ്തു!!!

തിരുവനന്തപുരം: ജലന്ധര്‍ ബിഷപ്പിനെതിരെ ലൈംഗികാരോപണങ്ങളുമായി കൂടുതല്‍ കന്യാസ്ത്രീകള്‍ രംഗത്ത്. ജലന്ധര്‍ മഠത്തില്‍ വെച്ച് ബിഷപ്പ് കയറിപ്പിടിച്ചെന്നും ബലമായി ആലിംഗനം ചെയ്തെന്നും കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ചു പോയ രണ്ടുപേര്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായിട്ടാണ് വിവരം. ബിഷപ്പിന്റെ മോശം പ്രവര്‍ത്തികളാണ് മഠം ഉപേക്ഷിക്കാന്‍ കാരണമായതെന്നാണ് രണ്ടു കന്യാസ്ത്രീകള്‍ നല്‍കിയിരിക്കുന്ന മൊഴി.

ഗത്യന്തരമില്ലാതെയാണ് കന്യാസ്ത്രീ പട്ടം ഉപേക്ഷിച്ചതെന്നാണ് അന്വേഷണ സംഘത്തോട് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്. കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീയുടെ പരാതിയെ പിന്തുടര്‍ന്നുള്ള അന്വേഷണത്തില്‍ കേസുമായി ബന്ധപ്പെട്ട ഭഗല്‍പൂര്‍ ബിഷപ്പിന്റെ മൊഴിയും അന്വേഷണ സംഘം എടുക്കും. വത്തിക്കാന്‍ പ്രതിനിധിക്ക് കന്യാസ്ത്രീയുടെ പരാതി കൈമാറിയിരിക്കുന്നത് ഭഗല്‍പ്പൂര്‍ ബിഷപ്പ് കുര്യന്‍ വലിയ കണ്ടത്തിലായിരുന്നു. ജലന്ധര്‍ ബിഷപ്പ് പീഡിപ്പിക്കുന്ന വിവരം ഭഗല്‍പൂര്‍ ബിഷപ്പിനോട് പറഞ്ഞിരുന്നതായി കന്യാസ്ത്രീ മൊഴി നല്‍കിയിരുന്നു. ബാംഗ്ളൂരില്‍ ബിഷപ്പുമാരുടെ സമ്മേളനത്തില്‍ വെച്ചാണ് കന്യാസ്ത്രീയുടെ പരാതി ഭഗല്‍പൂര്‍ ബിഷപ്പ് വത്തിക്കാന്‍ സ്ഥാനപതിക്ക് നല്‍കിയത്.

ബിഷപ്പിനെതിരായ കേസില്‍ ഇരയായ കന്യാസ്ത്രീയെ അന്വേഷണ സംഘം നിരന്തരം ചോദ്യം ചെയ്യന്നതിനെതിരേ കോടതിയില്‍ പോകാനൊരുങ്ങുകയാണ് വീട്ടുകാര്‍. പ്രതിസ്ഥാനത്തുള്ള ബിഷപ്പ് ഫ്രാങ്കോയില്‍ നിന്ന് ഒരിക്കല്‍ മാത്രം ‘ഔദാര്യത്തോടെ’ മൊഴിയെടുത്ത അന്വേഷണസംഘം ഇതിനകം പല തവണ കന്യാസ്ത്രീയില്‍ നിന്നും മൊഴിയെടുത്തുകഴിഞ്ഞു. മിക്കദിവസങ്ങളിലും കുറവിലങ്ങാട് മഠത്തില്‍ എത്തുന്ന പോലീസിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി എത്ര തവണ വ്യക്തവും കൃത്യവുമായി ആവര്‍ത്തിച്ചിട്ടും പലതും വീണ്ടും വീണ്ടും ഉന്നയിച്ച് കന്യാസ്ത്രീയെ വട്ടംചുറ്റിക്കുകയാണെന്നാണ് വിവരം. കന്യാസ്ത്രീയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്ന് വരുത്തിത്തീര്‍ക്കാനുള്ള വ്യഗ്രതയാണോ പോലീസിനെന്നും സംശയം ഉയരുന്നുണ്ട്.

അന്വേഷണസംഘത്തിന് ധൈര്യമായി മുന്നോട്ടുപോകാന്‍ ഹൈക്കോടതിയില്‍ നിന്നും ലഭിച്ച ആനുകൂല്യവും പോലീസ് ദുരുപയോഗിക്കുന്നുണ്ടോ എന്ന് ചില നിയമവിദഗ്ധരും സംശയം പ്രകടിപ്പിക്കുന്നുണ്ട്. പരാതിക്കാരിയെ കടുത്ത മാനസീക സമ്മര്‍ദ്ദത്തിലാക്കുന്ന നടപടിയെന്ന് ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കള്‍ കോടതിയെ സമീപിക്കുന്നത്. ബിഷപ്പിനെ ഒരു തവണ മാത്രം ചോദ്യം ചെയ്ത അന്വേഷണ സംഘം അഞ്ചു തവണയാണ് കന്യാസ്ത്രീയെ ചോദ്യം ചെയ്യലിന് ഇരയാക്കിയത്.

ഫ്രാങ്കോ മുളയ്ക്കല്‍ വത്തിക്കാനിലേക്ക് കടക്കാന്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹി വഴി ഈ മാസം 13നോ അതിനടുത്ത ദിവസങ്ങളിലോ ബിഷപ്പ് ഫ്രാങ്കോ വത്തിക്കാനിലേക്ക് പോയേക്കുമെന്നാണ് വിവരം. ബിഷപ്പുമാരുടെ സിനഡില്‍ പങ്കെടുക്കാന്‍ ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പുമാര്‍ വത്തിക്കാനിലേക്ക് പോകുന്നുണ്ട്. ഒക്ടോബര്‍ മൂന്നു മുതല്‍ 28 വരെയാണ് വത്തിക്കാനില്‍ ബിഷപ്പുമാരുടെ സിനഡ് ചേരുന്നത്.

പനാമയില്‍ അടുത്തവര്‍ഷം ആദ്യം നടക്കുന്ന ലോക യുവജന സമ്മേളനത്തിനു മുന്നോടിയായാണ് ഈ വിഷയത്തില്‍ വത്തിക്കാനില്‍ സിനഡ് ചേരുന്നത്. ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോണ്‍ഫറന്‍സ് (സിബിസിഐ) യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ആണ് ബിഷപ്പ് ഫ്രാങ്കോ. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ബിഷപ്പുമാര്‍ക്കൊപ്പം ഫ്രാങ്കോ വത്തിക്കാനില്‍ എത്തേണ്ടതാണ്. എന്നാല്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ബിഷപ്പിന് രാജ്യംവിട്ടുപോകാനാവില്ലെന്നാണ് അന്വേഷണസംഘം പറയുന്നതെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയും ആഭ്യന്തരവകുപ്പിന്റെ ആശിര്‍വാദത്തോടെയും ബിഷപ്പ് ഫ്രാങ്കോ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്നാണ് സൂചന.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7