രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ജയില്‍ മോചിതരാക്കാമെന്ന് സുപ്രിം കോടതി, തമിഴ് നാട് സര്‍ക്കാറിന്റെ തീരുമാനം ശരിവച്ചു:പേരറിവാളനടക്കമുള്ള പ്രതികള്‍ ജയില്‍ മോചിതരാകും

ന്യൂഡല്‍ഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ജയില്‍മോചിതരാക്കാമെന്ന് സുപ്രിം കോടതി. തമിഴ് നാട് സര്‍ക്കാറിന്റെ തീരുമാനം ശരിവച്ചു. തമിഴ് നാട് സര്‍ക്കാറിന് തീരുമാനമെടുക്കാം. ഇക്കാര്യം കാണിച്ച് സര്‍ക്കാറിന് ഗവര്‍ണറെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി. പേരറിവാളനടക്കമുള്ള പ്രതികള്‍ ജയില്‍ മോചിതരാകും.പ്രതികളെ വിട്ടയയ്ക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ അപേക്ഷ അടുത്തിടെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളിയിരുന്നു. പ്രതികളെ സ്വതന്ത്രരാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് കേന്ദ്രത്തിനു യോജിപ്പില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു രാഷ്ട്രപതിയുടെ നടപടി.

കഴിഞ്ഞ നാലു വര്‍ഷങ്ങള്‍ക്കിടെ രണ്ടു തവണയാണ് മനുഷ്യത്വപരമായ കാരണങ്ങള്‍ കണക്കിലെടുത്ത് പ്രതികളെ വിട്ടയയ്ക്കണമെന്ന ആവശ്യവുമായി സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. എന്നാല്‍, രാഷ്ട്രപതി ഈ ആവശ്യങ്ങളെല്ലാം നിഷേധിക്കുകയായിരുന്നു.രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നവരെ സ്വതന്ത്രരാക്കണമെന്ന ആവശ്യത്തില്‍ വര്‍ഷങ്ങളായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. ഇരുപത്തിനാലു വര്‍ഷത്തോളമായി ജയിലില്‍ കഴിയുന്ന പ്രതികളെ ജീവപര്യന്തം ശിക്ഷ അനുഭവിച്ചതായി കണക്കാക്കി മാനുഷിക പരിഗണനയുടെ പുറത്ത് വിട്ടയയ്ക്കണമെന്നാണ് തമിഴ്നാട് സര്‍ക്കാരിന്റെ ആവശ്യം.

സുപ്രിം കോടതി ഇടപെട്ട് കേന്ദ്ര സര്‍ക്കാരിനോട് വിഷയത്തില്‍ തീരുമാനമെടുക്കാനും പ്രതികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യസ്ഥിതി, സാമൂഹ്യസാമ്പത്തികാവസ്ഥ എന്നിവ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനും ആവശ്യപ്പെട്ടിരുന്നുവെങ്കിലും സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം പരിഗണിക്കാന്‍ കേന്ദ്രം തയ്യാറായിരുന്നില്ല.

1991 മേയ് 21ന് അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയ കേസിലാണ് ഏഴു പേര്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്നത്. വി. ശ്രീഹരന്‍, എ. ജി. പേരറിവാളന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, നളിനി എന്നിവരാണ് തടവിലുള്ളത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7