ഗൗരി ലങ്കേഷ് ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ മോദി സര്‍ക്കാര്‍ അവരെയും അര്‍ബന്‍ നക്സലേറ്റായി മുദ്രകുത്തിയേനെ: ജിഗ്‌നേഷ് മേവാനി

ബെംഗളൂരു: മാധ്യമ പ്രവര്‍ത്തകയുമായിരുന്ന ഗൗരി ഇന്ന് ജീവിച്ചിരുന്നുവെങ്കില്‍ മോദി സര്‍ക്കാര്‍ അവരെയും അര്‍ബന്‍ നക്സലേറ്റായി മുദ്രകുത്തുമായിരുന്നുവെന്ന് ജിഗ്‌നേഷ് മേവാനി. സാമൂഹ്യ പ്രവര്‍ത്തകയും സംഘപരിവാറിന്റെ കടുത്ത വിമര്‍ശകയുമായിരുന്ന ഗൗരി ലങ്കേഷിന്റെ കൊലപാതകം നടന്ന് ഒരു വര്‍ഷം തികയുന്ന ദിനത്തിലാണ് മേവാനിയുടെ പരാമര്‍ശം.

പാവപ്പെട്ടവര്‍ക്കു വേണ്ടി ജീവിതകാലമത്രയും പോരാടിയ ധീരവനിതയായിരുന്നു അവര്‍. ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ വെറുപ്പിന്റെ രാഷ്ട്രീയത്തിനെതിരെയും വിമതസ്വരങ്ങള്‍ അടിച്ചമര്‍ത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടുകള്‍ക്കെതിരെയും നാം ഐക്യപ്പെടണം. നാം ഓരോരുത്തരും ഗൗരി ലങ്കേഷാണെന്ന് പ്രഖ്യാപിക്കേണ്ട സമയമാണിതെന്നും ജിഗ്‌നേഷ് വ്യക്തമാക്കി. ഗൗരി ലങ്കേഷിന്റെ ഒന്നാം ചരമവാര്‍ഷികത്തില്‍ ബംഗളൂരുവില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു ജിഗ്‌നേഷ്.

ഗൗരിക്ക് താന്‍ മകനെ പോലെയായിരുന്നുവെന്നും ഗൗരി കൊല്ലപ്പെടുന്നതിന്റെ 14 ദിവസം മുന്‍പ് തങ്ങള്‍ കണ്ടിരുന്നു. താന്‍ കര്‍ണാടകയില്‍ വരുമ്പോള്‍ ഗൗരിയുടെ വീട്ടിലല്ലാതെ മറ്റെവിടെയും താമസിക്കാന്‍ അവര്‍ അനുവദിക്കാറില്ലായിരുന്നു. ആര്‍എസ്എസ് തന്റെ എഴുത്തുകളില്‍ വിറളി പൂണ്ടിരിക്കുകയാണെന്ന് ഗൗരി അന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും ജിഗ്‌നേഷ് പറഞ്ഞു

ഗൗരിയുടെ കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടിയതിനും രാജ്യത്തെ വലത്പക്ഷ തീവ്രവാദികള്‍ക്ക് അതിലുള്ള പങ്ക് തെളിയിച്ചതിനും കര്‍ണാടക പോലീസിനെ താന്‍ അഭിനന്ദിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ വലത് തീവ്രവാദികളുടെ അജണ്ടകള്‍ക്കെതിരെ നാം നിരന്തരം പോരാടുമെന്ന് പ്രതിജ്ഞ ചെയ്യണമെന്നും ജിഗ്‌നേഷ് മേവാനി വ്യക്തമാക്കി.

Similar Articles

Comments

Advertismentspot_img

Most Popular