മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു; ഇ.പി. ജയരാജന്‌ ചുമതല

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. തിരുവനന്തപുരം ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നള ഇന്ന് പുലര്‍ച്ചെ 4.40നുള്ള വിമാനത്തിലാണ് അദ്ദേഹം യാത്ര തിരിച്ചത്. ആഗസ്റ്റ് 19ന് പുലര്‍ച്ചെ നിശ്ചയിച്ച യാത്രയാണ് പ്രളയ ദുരന്തം മൂലം മാറ്റിയത്. യാത്ര അയപ്പും മാധ്യമ ബഹളവും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ പുറത്താരെയും അറിയിക്കാതെയാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്.

മുഖ്യമന്ത്രിക്കൊപ്പം ഭാര്യ കമല വിജയനുമുണ്ട്. ഈ മാസം പകുതിയോടെ മുഖ്യമന്ത്രി തിരിച്ചെത്തും. അതു വരെ അടിയന്തര സാഹചര്യം വന്നാല്‍ മന്ത്രി സഭാ യോഗം വിളിച്ചു ചേര്‍ക്കാനുള്ള ചുമതല വ്യവസായ മന്ത്രി ഇ.പി. ജയരാജനായിരിക്കും.

മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് മുഖ്യമന്ത്രി ചികിത്സ തേടുന്നത്. പ്രമേഹം, നാഡീ സംബന്ധമായ പ്രശ്നങ്ങള്‍, ഹൃദ്രോഗം, അര്‍ബുദം എന്നിവയ്ക്കുള്ള ചികിത്സയില്‍ പ്രമുഖ സ്ഥാനത്തുള്ള സ്ഥാപനമാണ് മയോ ക്ലിനിക്ക്.

യാത്രയ്ക്ക് മുന്നോടിയായി മുഖ്യമന്ത്രി ശനിയാഴ്ച ഗവര്‍ണറെ കണ്ടിരുന്നു. യാത്രസംബന്ധിച്ച വിവരങ്ങള്‍ ധരിപ്പിക്കാനായിരുന്നു ഇത്. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പ്രളയബാധിതരുടെ പുനരധിവാസത്തിനുമായി സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളും മുഖ്യമന്ത്രി ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്.

അടുത്തയാഴ്ച മന്ത്രിസഭായോഗം ചേരുമ്പോള്‍ അധ്യക്ഷത വഹിക്കാന്‍ മന്ത്രി ഇ.പി.ജയരാജനെ ചുമതലപ്പെടുത്തിയേക്കും. അമേരിക്കയില്‍ നിന്നും വീഡിയോ കോണ്‍ഫറന്‍സിങ് വഴിയും ഭരണകാര്യങ്ങള്‍ ഇടപെടാന്‍ സാധിക്കും. ചികിത്സയിലായിരിക്കുമെങ്കിലും ഇഫയല്‍ സംവിധാനം ഉപയോഗപ്പെടുത്തി ഫയലുകള്‍ മുഖ്യമന്ത്രിതന്നെ തീര്‍പ്പാക്കാനാണ് ആലോചിക്കുന്നത്. സെപ്റ്റംബര്‍ 17ന് മുഖ്യമന്ത്രി ചികിത്സ കഴിഞ്ഞു മടങ്ങിയെത്തും. ദുരിതാശ്വാസഫണ്ട് ശേഖരണവുമായി ബന്ധപ്പെട്ട് ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാര്‍ അതത് ജില്ലകളില്‍ ആയിരിക്കുമെന്നതിനാല്‍ 11നു തുടങ്ങുന്ന ആഴ്ചയില്‍ മന്ത്രിസഭായോഗം ചേരാനിടയില്ല.

നേരത്തെ ചികിത്സയ്ക്കായി അമേരിക്കയിലേക്കു പോകുമ്പോള്‍ മുഖ്യമന്ത്രിയുടെ ചുമതല ആര്‍ക്കു നല്‍കുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍നിന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിഞ്ഞുമാറിയിരുന്നു. ‘അതൊക്കെ ഭരണപരമായ കാര്യമല്ലേ…നിങ്ങളോട് ഇപ്പോള്‍ പറയേണ്ട കാര്യമുണ്ടോ…’ എന്നായിരുന്നു മന്ത്രിസഭാ യോഗത്തിനുശേഷം അദ്ദേഹത്തിന്റെ പ്രതികരണം.

19ന് അമേരിക്കയില്‍ പോകാനായിരുന്നു നേരത്തെ മുഖ്യമന്ത്രി തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം യാത്ര മാറ്റിവെക്കുകയായിരുന്നു. അതേസമയം കേരളത്തില്‍ മികച്ച ആശുപത്രികള്‍ ഉണ്ടായിട്ടും മുഖ്യമന്ത്രി അമേരിക്കയില്‍ എന്തിന് ചികിത്സക്ക് പോകുന്നു എന്ന ചോദ്യവും ഒരു വശത്ത് ഉയര്‍ന്നിരുന്നു. പ്രളയം വിഴുങ്ങിയ കേരളം തിരിച്ചുവരാനുള്ള ഓട്ടത്തിലാണ്. അതിനിടെയുള്ള മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്ര അനസവരത്തിലുള്ളതാണെന്നാണ് ഉയരുന്ന വാദം. സിപിഐഎം നേതാക്കള്‍ക്ക് പോലും മുഖ്യമന്ത്രിയുടെ രോഗത്തെ കുറിച്ച് അറിയില്ല. അത്രയും രഹസ്യമായാണ് രോഗ വിവരം സൂക്ഷിക്കുന്നത്. ഇതുമൂലം പലവിധ അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7