ആരുടേയും ഇഷ്ടം പിടിച്ച് പറ്റാന്‍ ആഗ്രഹിക്കുന്നില്ല; സ്വന്തം തീരുമാനങ്ങളില്‍ ജീവിക്കുന്ന ഒരാളാണ് ഞാനെന്ന് പൃഥ്വിരാജ്

തിരുവനന്തപുരം: സ്വന്തം തീരുമാനങ്ങളില്‍ ജീവിക്കുന്ന ഒരാളാണ് താനെന്നും ആരുടേയും ഇഷ്ടം പിടിച്ചുപറ്റുക തന്റെ ഉദ്ദേശമല്ലെന്നും നടന്‍ പൃഥ്വിരാജ്. സത്യത്തില്‍ ഇങ്ങനെ ജീവിക്കാന്‍ മാത്രമേ തനിക്ക് അറിയൂവെന്നും ദ വീക്കിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വി പറയുന്നു.

സിനിമ തന്റെ പാഷനാണെന്നും അഭിനയം ഇഷ്ടമാണെങ്കിലും സംവിധാനം തന്നെയാണ് തന്റെ പാഷനെന്നും പൃഥ്വിരാജ് പറയുന്നു. സംവിധാനം ഒരാളുടെ ജീവിതത്തിലെ വലിയ കാര്യങ്ങളിലൊന്നാണ്. മോഹന്‍ലാലിനെപ്പോലൊരു നടനെകൊണ്ട് അഭിനയിപ്പിക്കുന്നത് ഒരു സ്വപ്നം പോലെയാണ്-പൃഥ്വി പറയുന്നു.

മമ്മൂട്ടിയും മോഹന്‍ലാലും പ്രായത്തിനനുസരിച്ചുള്ള കഥാപാത്രങ്ങള്‍ സ്വീകരിക്കണമെന്ന് താങ്കള്‍ മുന്‍പുപറഞ്ഞിരുന്നല്ലോയെന്ന ചോദ്യത്തിന് നിലപാടില്‍ ഒരു മാറ്റവും ഇല്ലെന്നായിരുന്നു താരത്തിന്റെ മറുപടി. മമ്മൂട്ടിയും മോഹന്‍ലാലും ഇന്ന് ലോകസിനിമയിലെ തന്നെ മികവുറ്റ താരങ്ങളാണ്.മറ്റാര്‍ക്കുമില്ലാത്ത രണ്ട് സാധ്യതകള്‍ കൂടി അവര്‍ക്കുണ്ട്. കാണാന്‍ ഉഷാറുള്ള പ്രായമേറിയ ആളായോ അത്രത്തോളം ഉഷാറില്ലാത്ത ചെറുപ്പക്കാരനായോ അഭിനയിക്കാം- പൃഥ്വിപറയുന്നു.

മലയാള സിനിമയില്‍ ശക്തരായ നായികാ കഥാപാത്രങ്ങളുടെ കുറവുണ്ട്. പക്ഷേ അത് വളരെ സ്വാഭാവികമായി കൃത്രിമത്വമില്ലാതെ സംഭവിക്കേണ്ട ഒന്നാണ്. പ്രസ്താവനകള്‍ പറയിക്കാന്‍ വേണ്ടി സൃഷ്ടിക്കുന്ന നായിക കഥാപാത്രങ്ങളല്ല വേണ്ടതെന്ന് തന്നെയാണ് അഭിപ്രായമെന്നും പൃഥ്വി പറയുന്നു.

ഒരു സിനിമ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം തിരക്കഥ തന്നെയാണ്. എന്നെ അതിശയിപ്പിക്കുന്ന തിരക്കഥയാണോ എന്നതാണ് പ്രധാനം. സംവിധായകന്‍ രണ്ടാമത്തെ കാര്യമാണെന്നും പൃഥ്വി പറയുന്നു. തിരഞ്ഞെടുപ്പുകള്‍ തെറ്റിപ്പോയിട്ടില്ലേയെന്ന ചോദ്യത്തിന് തിരക്കഥ പലപ്പോഴും അസാധ്യമായിരിക്കുമെന്നും പക്ഷേ അത് അവതരിപ്പിക്കുന്നതിലെ പോരായ്മകളാണ് പ്രശ്നമെന്നുമായിരുന്നു പൃഥ്വിയുടെ മറുപടി.

സിനിമ തകരുമ്പോള്‍ പ്രേക്ഷകരെ പഴിക്കുന്നവരെ കണ്ടിട്ടുണ്ട്. പ്രേക്ഷകര്‍ സിനിമ മനസിലാക്കിയിട്ടില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. കഥ പറയുന്നതില്‍ പരാജയപ്പെട്ടു എന്നതാണ് അതിന്റെ അര്‍ത്ഥം. സംവിധായകനെ പൂര്‍ണമായി വിശ്വസിക്കുന്ന നടനല്ല ഞാന്‍. അഞ്ജലി മേനോന്‍ മാത്രമാണ് ഞാന്‍ പൂര്‍ണമായി വിശ്വാസമര്‍പ്പിക്കുന്ന സംവിധായിക. ‘കൂടെ’ ചെയ്യുമ്പോള്‍ അഞ്ജലിയോട് പറഞ്ഞിരുന്നു. ഞാനിത് നന്നായി അഭിനയിച്ചാലും മോശമാക്കിയാലും അഞ്ജലിക്കാണ് ഉത്തരവാദിത്തമെന്ന്. -പൃഥ്വി പറയുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7