മൂന്നാറിലെ ഹോട്ടല്‍ പൊളിച്ചതുകൊണ്ടോ കാലാവസ്ഥ സംരക്ഷിച്ചതുകൊണ്ടോ പ്രകൃതി ദുരന്തങ്ങള്‍ തടയാനാവില്ല; മുഖ്യമന്ത്രിക്കെതിരേ ദേവികുളം എംഎല്‍എ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ നിലാപാടിനെതിരേ ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന്‍ രംഗത്ത്. പരിസ്ഥിതി കൂടി പരിഗണച്ചാവും കെട്ടിടങ്ങളുടെ നിര്‍മാണമെന്നും അനധികൃത നിര്‍മാണം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. എന്നാല്‍ മൂന്നാറിലെ ഹോട്ടലുകള്‍ പൊളിച്ചതുകൊണ്ടോ കാലാവസ്ഥ സംരക്ഷിച്ചതുകൊണ്ടോ പ്രകൃതി ദുരന്തങ്ങള്‍ തടയാനാവില്ലെന്ന് രാജേന്ദ്രന്‍ പറഞ്ഞു. പ്രളയ ദുരന്തത്തേക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച് ചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാഡ്ഗില്‍, കസ്തൂരിരംഗന്‍ എന്നിവര്‍ പറഞ്ഞതൊന്നുമല്ല അതിന് അപ്പുറമാണ് കാര്യങ്ങളെന്നും എസ് രാജേന്ദ്രന്‍ പറഞ്ഞു. ഡാമുകള്‍ വന്നതുകൊണ്ടോ, കാലാവസ്ഥ സംരക്ഷിച്ചതുകൊണ്ടോ, പ്ലംജുഡി റിസോര്‍ട്ട് പൂട്ടാന്‍ നോട്ടീസ് കൊടുക്കുന്നതുകൊണ്ടോ പ്രകൃതിയുടെ വിധിയെ നമുക്ക് മറികടക്കാന്‍ കഴിയില്ലെന്നും എസ് രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മൂന്നാറിലെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നത് തുടരണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍. മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുമാറ്റാനും അനധികൃത കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനും തുടക്കമിട്ടത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. മന്ത്രിസഭ തീരുമാനിച്ചാണ് അതിനു വേണ്ടി പ്രത്യേകം ഒരു ദൗത്യസംഘം രൂപീകരിച്ചത്. ആ പ്രക്രിയ ഇടയ്ക്കു വെച്ച് നില്‍ക്കാനിടയായ സാഹചര്യങ്ങള്‍ പുനഃപരിശോധിക്കണമെന്നു വിഎസ് ആവശ്യപ്പെട്ടു. മൂന്നാറില്‍ മാത്രമല്ല, കേരളത്തിലെമ്പാടും നടക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ചുകളയുകയും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുകയും ചെയ്യുന്ന പ്രക്രിയ പുനരാരംഭിക്കണം.

കേരളത്തിന്റെ നയരൂപീകരണത്തിലുണ്ടായ പിഴവുകളാണ് പ്രളയദുരന്തത്തിന്റെ ആക്കം കൂട്ടിയതെന്ന് വിഎസ് ആരോപിച്ചു. ‘കേരളം നേരിട്ട പ്രളയത്തിനു കാരണം കനത്ത മഴ തന്നെയാണ്. പക്ഷേ, ദുരന്തത്തിന്റെ ആക്കം കൂട്ടിയതു കുന്നിടിച്ചിലും ഉരുള്‍ പൊട്ടലുമാണെന്നത് തര്‍ക്കമില്ലാത്ത സംഗതിയാണ്. ആ കുന്നിടിച്ചിലുകള്‍ക്ക് ആക്കം കൂട്ടിയത് നാം പ്രകൃതിയില്‍ നടത്തിയ ഇടപെടലുകളുമാണ്. സ്വയംവിമര്‍ശനപരമായി പറഞ്ഞാല്‍, നമ്മുടെ നയ രൂപീകരണത്തിലാണു പിഴവു സംഭവിച്ചത്’ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ശാസ്ത്രീയപഠനങ്ങളുടെ അടിസ്ഥാനത്തില്‍ എത്രയോ കാലമായി ഇതൊക്കെ കേള്‍ക്കുന്നുണ്ടെങ്കിലും സങ്കുചിത താല്‍പര്യങ്ങളുടെ സമ്മര്‍ദത്തില്‍, എല്ലാം അവഗണിക്കുകയായിരുന്നു. കുന്നിടിച്ചും വനം കയ്യേറിയും വയല്‍ നികത്തിയും തടയണകള്‍ കെട്ടിയും നടക്കുന്ന, അനധികൃതമോ അശാസ്ത്രീയമോ ആയ നിര്‍മാണങ്ങളും മറ്റു പ്രവര്‍ത്തനങ്ങളും ഇനിയും കണ്ടില്ലെന്നു നടിക്കാനാവില്ല. വികസനമെന്ന ലേബലില്‍ അനിയന്ത്രിതമായി പ്രകൃതിയില്‍ നടക്കുന്ന ഇടപെടലുകള്‍ക്കു നിയന്ത്രണം വരണം. നിയമങ്ങള്‍ കുറെക്കൂടി കര്‍ശനവും പഴുതടച്ചുള്ളതുമാക്കണം.

കുന്നിടിച്ചിലിനും ഉരുള്‍ പൊട്ടലിനും കാരണമാവുന്ന അനധികൃത ക്വാറികളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണം. പരിസ്ഥിതി ലോല പ്രദേശം എന്നതിന്റെ അര്‍ഥം പ്രകൃതി തന്നെ പഠിപ്പിക്കാന്‍ ഇനിയും ഇട വരുത്തരുത്. ക്വാറികള്‍ക്കു നിയമപരമായി നല്‍കിയ ഇളവുകള്‍ പിന്‍വലിക്കണം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിനായി നിയമമുണ്ടാക്കിയവരാണ് നാം. അതിന്റെ സത്ത ചോര്‍ത്തിക്കളയാനല്ല, ആ നിയമത്തെ കൂടുതല്‍ കര്‍ക്കശമാക്കാനും അതു മാതൃകാപരമായി പ്രാവര്‍ത്തികമാക്കാനുമാണ് കേരളം മുന്നോട്ടു വരേണ്ടത്.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ ശാസ്ത്രീയമായല്ല, രാഷ്ട്രീയമായി മാത്രമാണ് പരിഗണിച്ചത്. പശ്ചിമഘട്ടത്തോടു മല്ലിടാന്‍ കേരളത്തിനു കെല്‍പ്പില്ല എന്ന തിരിച്ചറിവ് ഇപ്പോള്‍ കേരളത്തിനുണ്ടായിട്ടുണ്ട്. പഴയ പഠന റിപ്പോര്‍ട്ടുകള്‍ ഒരിക്കല്‍ക്കൂടി പഠനവിധേയമാക്കാനുള്ള സമയമാണിത്. വന്‍കിടക്കാര്‍ കാടും കായലും കയ്യേറി നിര്‍മിക്കുന്ന ഫല്‍റ്റ് സമുച്ചയങ്ങളും അനധികൃത ഭൂവിനിയോഗവും നിസ്സാരമായ പിഴയൊടുക്കി കോടതികളിലൂടെ സാധൂകരിച്ചെടുക്കുന്നുണ്ട്. മേലില്‍ അതിനുള്ള അവസരമുണ്ടാവരുതെന്നും വിഎസ് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular