പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള തമിഴ് താരം ചിമ്പുവിന്റെ പരാമര്‍ശം സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തില്‍ മോദിയെ കണ്ടാല്‍ എന്ത് ചോദിക്കുമെന്ന വിദ്യാര്‍ത്ഥിനിയുടെ ചോദ്യത്തിന് ചിമ്പു നല്‍കിയ മറുപടിയാണ് ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുന്നത്.
‘ചായ വിറ്റ് നടന്നാല്‍ മതിയായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നുണ്ടോ സാര്‍’ എന്നായിരിക്കും മോദിയോട് ചോദിക്കുകയെന്നാണ് ചിമ്പു മറുപടിയായി പറഞ്ഞത്.
നോട്ട് നിരോധനത്തിന്റെ സമയത്തും മോദിക്കെതിരെ ചിമ്പു രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. കള്ളപ്പണം കണ്ടെത്തുന്നതിന്റെ ഭാഗമായി അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളില്‍ 99.3 ശതമാനവും തിരിച്ചു വന്നതായി റിസര്‍വ് ബാങ്ക് അറിയിച്ചത് പിന്നാലെയാണ് ഈ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്.
നേരത്തെ നോട്ട് നിരോധനത്തെ വിമര്‍ശിച്ച് ചിമ്പു ഗാനം ആലപിച്ചിരുന്നു. ‘ഡിമൊണെടൈസേഷന്‍ ആന്തം’ എന്ന പാട്ട് അന്ന് വിവാദമായിരുന്നു. നോട്ട് നിരോധനം പെട്ടെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടും ബാങ്കില്‍ നിരോധിച്ച നോട്ട് മാറ്റിയെടുക്കാനുള്ള നീണ്ട ക്യൂവില്‍ നില്‍ക്കുന്നതുമെല്ലാമാണ് പാട്ടില്‍ ദൃശ്യവത്കരിച്ചത്. നോട്ട് നിരോധനത്തില്‍ നട്ടം തിരിഞ്ഞ ജനങ്ങളെ ജി.എസ്.ടി കൂടുതല്‍ ബുദ്ധിമുട്ടിലാക്കിയെന്നും ഗാനത്തില്‍ പറയുന്നു.