കഷ്ടനഷ്ടങ്ങളുടെ പേരില്‍ കരഞ്ഞിരിക്കുന്നവല്ല നമ്മള്‍, ഒരു മടിയുമില്ലാതെ രക്ഷാദൗത്യത്തിനിറങ്ങിയ മത്സ്യത്തൊഴിലാളികള്‍ക്ക് ബിഗ് സല്യൂട്ട് എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ കഷ്ടനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും അതിന്റെ പേരില്‍ കരഞ്ഞിരിക്കാന്‍ നമ്മള്‍ തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിന്റെ അതിന്റെ പഴയ മഹത്വത്തിലേക്കും മൂല്യങ്ങളിലേക്കും തിരിച്ചെത്തിക്കുകയാണ് നമ്മുടെ മുന്നിലുള്ള ദൗത്യമെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍, പ്രളയ രക്ഷാ ദൗത്യത്തില്‍ പങ്കെടുത്ത മത്സ്യത്തൊഴിലാളികളെ ആദരിക്കുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളം ദുരന്ത മുഖത്തുനില്‍ക്കുമ്പോള്‍ ഒന്നും ആലോചിക്കാതെ രക്ഷാദൗത്യവുമായി എടുത്തുചാടുകയായിരുന്നു മത്സ്യത്തൊഴിലാളികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വന്തം ജീവനോ ജോലിയോ ഒന്നും നോക്കാതെ ദുരന്തത്തിലകപ്പെട്ടവരെ രക്ഷിക്കാന്‍ മുന്നോട്ടുവരികയായിരുന്നു അവര്‍. പ്രത്യേക പരിശീലനം ലഭിച്ച സേനാ വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായം രക്ഷാപ്രവര്‍ത്തനത്തില്‍ സംസ്ഥാനത്തിനു ലഭിച്ചെങ്കിലും മത്സ്യത്തൊഴിലാളികളുടെ പങ്ക് എടുത്തു പറയേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സേനാ വിഭാഗങ്ങള്‍ സജീവമായി രക്ഷാ രംഗത്തുണ്ടായിരുന്നു. പൊലീസും ഫയര്‍ ഫോഴ്സും എക്സൈസുമെല്ലാം ആവുവിധം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. എന്നാല്‍ അതുകൊണ്ടൊന്നും ദുരന്തത്തില്‍ പെട്ടവരെ മുഴുവനായും രക്ഷിക്കാനാവില്ലെന്ന നില വന്നപ്പോഴാണ്, കുത്തൊഴുക്കില്‍ അനുഭവ പരിചയമുള്ള മത്സ്യത്തൊഴിലാളികളെ രംഗത്തിറക്കുന്നതിനെക്കുറിച്ച് ആലോചന വന്നത്. ഉടന്‍ തന്നെ മത്സ്യത്തൊഴിലാളികളെ ദുരന്തസ്ഥലങ്ങളില്‍ എത്തിക്കുന്നതിന് പൊലീസിനോടു നിര്‍ദേശിച്ചു. സഹായം തേടി ചെന്നപ്പോള്‍ ഒരു മടിയുമില്ലാതെ, ഞാന്‍ ആദ്യം എന്ന മട്ടില്‍ രക്ഷാദൗത്യത്തിനിറങ്ങുകയായിരുന്നു മത്സ്യത്തൊഴിലാളികള്‍. ഈ രക്ഷാപ്രവര്‍ത്തകര്‍ക്ക് കേരളം ബിഗ് സല്യൂട്ട് അര്‍പ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular