സംസ്ഥാനത്ത് 650 സ്‌കൂളുകളെ പ്രളയം ബാധിച്ചു; 211 സ്‌കൂളുകള്‍ ഇന്ന് തുറക്കില്ല, പഠനം തുടങ്ങാനാകാത്ത വിദ്യാലയങ്ങളിലും ഇന്ന് അധ്യാപകരെത്തണമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് 650 സ്‌കൂളുകളെ പ്രളയം ബാധിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ്. പ്രളയമേഖലകളിലെ 211 സ്‌കൂളുകള്‍ ഇന്ന് തുറക്കില്ല. എന്നാല്‍ പഠനം തുടങ്ങാനാകാത്ത വിദ്യാലയങ്ങളിലും ഇന്ന് അധ്യാപകരെത്തണം. പഠനാന്തരീക്ഷം സൃഷ്ടിക്കാനാണ് ഇന്ന് സ്‌കൂളുകള്‍ തുറന്നത്.

ഫിറ്റ്നസ് ഉറപ്പാക്കി ഈ സ്‌കൂളുകള്‍ തിങ്കളാഴ്ച തുറക്കാനാകും. പ്രളയം നേരിട്ട കുട്ടികള്‍ കൗണ്‍സിലിംഗ് നല്‍കാനാണ് ആദ്യ മുന്‍ഗണന. സാമ്പത്തിക നഷ്ടത്തിന്റെ കണക്കെടുപ്പ് പൂര്‍ത്തിയായിട്ടില്ല. സ്‌കൂളുകളുടെ നഷ്ടത്തിന്റെ കണക്ക് നാളെ ലഭ്യമാകുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രളയബാധിത മേഖലകളിലെ സ്‌കൂളുകളിലും ക്യാമ്പുകളായി പ്രവര്‍ത്തിച്ച സ്‌കൂളുകളിലും ശുചീകരണം ഏറെക്കുറെ പൂര്‍ത്തിയായിട്ടുണ്ട്. പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് ഇവ നാളെ മുതല്‍ വിതരണം ചെയ്യുമെന്നാണ് അധികൃതരുടെ ഉറപ്പ്. കനത്ത മഴമൂലം ഏറെ അധ്യായന ദിവസങ്ങള്‍ ഇത്തവണ നഷ്ടപ്പെട്ടിട്ടുണ്ട്.

ഇതോടെ ഒന്നാം പാദ വാര്‍ഷിക പരീക്ഷകള്‍ മാറ്റി വച്ചിട്ടുണ്ട്. പ്രളയത്തില്‍ പാഠപുസ്തകങ്ങളും യൂണിഫോമും നഷ്ടപ്പെട്ട വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 31 നുള്ളില്‍ അവരവരുടെ സ്‌കൂളുകളില്‍ വിവരം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അടുത്ത ദിവസങ്ങളില്‍ തന്നെ ഇവ വിതരണം ചെയ്യുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് അറിയിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7