പരസ്യ ചിത്രീകരണത്തിന് സര്‍ക്കാര്‍ ചെലവില്‍ ഷിംല യാത്ര; ധോണിയും ഭാര്യ സാക്ഷിയും വിവാദത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ ധോണിയുടെയും ഭാര്യ സാക്ഷിയുടേയും ഷിംല യാത്ര വിവാദത്തില്‍. ധോണിയേയും ഭാര്യ സാക്ഷിയേയും സംസ്ഥാനത്തിന്റെ അതിഥികളായി കണക്കാക്കി സല്‍ക്കരിക്കാനുള്ള ഹിമാചല്‍ പ്രദേശിലെ ബിജെപി സര്‍ക്കാരിന്റെ നീക്കമാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുന്നത്. പരസ്യ ചിത്രീകരണത്തിന് വേണ്ടിയാണ് ധോണി ഷിംലയിലേക്ക് എത്തിയത്. എന്നാല്‍ ഹിമാചല്‍ വിട്ട് പോകുന്നത് വരെയുള്ള ധോണിയുടേയും ഭാര്യയുടേയും എല്ലാ വിധ ചിലവുകളും വഹിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

എന്നാല്‍, നികുതിദായകരുടെ പണം എടുത്ത് ധോണിയുടെ സന്ദര്‍ശനത്തിന് ചെലവഴിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ജയ് റാം താക്കൂര്‍ നയിക്കുന്ന സര്‍ക്കാരിനെതിരെ ഉയരുന്നത്. ക്രിക്കറ്റ് താരം എന്ന നിലയിലും വ്യക്തി എന്ന നിലയിലും ധോണിയെ ബഹുമാനിക്കുന്നു. എന്നാല്‍, വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള സന്ദര്‍ശനം സര്‍ക്കാര്‍ ചെലവില്‍ ആവരുത് എന്നാണ് കോണ്‍ഗ്രസ് നിലപാടെടുത്തിരിക്കുന്നത്. ഷിംലയില്‍ എത്തുന്ന എല്ലാ കായിക താരങ്ങള്‍ക്കും സര്‍ക്കാര്‍ ചെലവില്‍ സൗകര്യം ഒരുക്കിയാല്‍ അത് നമുക്ക് അംഗീകരിക്കാം. എന്നാല്‍ ക്രിക്കറ്റ് താരവും, ഇന്ത്യന്‍ മുന്‍ നായകനുമാണ് എന്ന പേര് പറഞ്ഞ് നികുതിദായകരുടെ പണം ധോണിക്ക് വേണ്ടി ചെലവാക്കുന്നത് ശരിയല്ലെന്ന് ഹിമാചല്‍ പ്രദേശിലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഖ്വിന്ദര്‍ സിങ് പറഞ്ഞു.

പ്രതിഷേധം ഉയര്‍ന്നുവെങ്കിലും തങ്ങളുടെ നിലപാടില്‍ നിന്നും പിന്‍മാറാന്‍ ഹിമാചല്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. ഇന്ത്യയ്ക്ക് ലോക കപ്പ് നേടിത്തന്ന നായകനാണ് ധോണി. ധോണിക്ക് എപ്പോഴും ഹിമാചലിലേക്ക് വരാം. ധോണിയെ പോലൊരു താരത്തെ സര്‍ക്കാര്‍ ബഹുമാനിക്കുന്നതില്‍ ഒരു തെറ്റും കാണാനില്ലെന്നാണ് ബിജെപി സര്‍ക്കാരിന്റെ നിലപാട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7