യുഎഇ സഹായം സ്വീകരിക്കാം; ദേശീയ ദുരന്തനിവാരണ നയപ്രകാരം സ്വീകരിക്കാന്‍ തടസ്സമില്ല

ന്യൂഡല്‍ഹി: പ്രളയക്കെടുതിയില്‍ പെട്ട് ദുരിതമനുഭവിക്കുന്ന കേരളത്തിന് വന്‍ ധനസഹായമാണ് വിദേശ രാജ്യങ്ങളില്‍നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ തുക വാഗ്ദാനം ചെയ്ത യുഎഇയില്‍ നിന്നും സഹായധനം സ്വീകരിക്കാനാവില്ലെന്നാണ് കേന്ദ്ര സര്‍ക്കാരിന്റ വാദം. എന്നാല്‍ ഈവാദം ശരിയല്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ദേശീയ ദുരന്തനിവാരണ നയ പ്രകാരം വിദേശ സഹായം സ്വീകരിക്കാന്‍ തടസ്സമില്ല. വിദേശ രാജ്യങ്ങള്‍ സ്വമേധയാ നല്‍കുന്ന സഹായം സ്വീകരിക്കാവുന്നതാണ്. 2016ലെ ദുരന്തനിവാരണ നയത്തിലാണ് ഇക്കാര്യമുള്ളത്. സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച് കേന്ദ്രസര്‍ക്കാരിനു തീരുമാനമെടുക്കാവുന്നതാണ്. കേരളത്തിന്റെ ഭാഗത്തുനിന്നു ശക്തമായ സമ്മര്‍ദം ഉണ്ടാവുകയാണെങ്കില്‍ ഈ നയത്തിനു മാറ്റം വന്നേക്കാമെന്ന അവസ്ഥയാണു നിലവിലുള്ളത്.

പ്രളയദുരിതാശ്വാസത്തിനായി കേരളത്തിനു വിദേശരാജ്യങ്ങള്‍ നല്‍കുന്ന സഹായം സ്വീകരിക്കേണ്ടെന്നു കേന്ദ്ര സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു. വിദേശ രാജ്യങ്ങളുടെയും ഏജന്‍സികളുടെയും സഹായം സ്വീകരിക്കേണ്ടതില്ലെന്ന നയം മാറ്റേണ്ടതില്ലെന്ന നിലപാടാണു കേന്ദ്രത്തിനുള്ളത്. കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങളെ വിദേശകാര്യ മന്ത്രാലയം ഇക്കാര്യമറിയിച്ചു. കേരളത്തിന്റെ ഭാഗത്തുനിന്നു ശക്തമായ രാഷ്ട്രീയ സമ്മര്‍ദം വിദേശസഹായം സ്വീകരിക്കുന്നതിനു ആവശ്യമായിവരും.

യുഎഇ 700 കോടി രൂപയും ഖത്തര്‍ 35 കോടി രൂപയുമാണ് കേരളത്തിനു നല്‍കാന്‍ തയാറായത്. മാലദ്വീപും ജപ്പാനും സഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ രക്ഷപ്രവര്‍ത്തനങ്ങളും പുനരധിവാസവും ഒറ്റയ്ക്കു നടപ്പാക്കാനുള്ള ശേഷിയുണ്ടെന്നതാണ് ഇന്ത്യ സമീപകാലത്ത് സ്വീകരിച്ചിട്ടുള്ള നിലപാട്. ഇക്കാര്യം തന്നെ ഈ വിദേശ രാജ്യങ്ങളോടും കേന്ദ്രം അറിയിച്ചു കഴിഞ്ഞു. 2004ന് ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നോ, ഏജന്‍സികളില്‍ നിന്നോ സാമ്പത്തികമായോ അല്ലാതെയോ ഉള്ള സഹായങ്ങള്‍ സ്വീകരിച്ചിട്ടില്ല. കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത രാജ്യങ്ങള്‍ക്കു നന്ദി അറിയിച്ചിട്ടുണ്ടെങ്കിലും വര്‍ഷങ്ങളായി തുടരുന്ന നയം മാറ്റേണ്ടതില്ലെന്നാണു കേന്ദ്ര നിലപാടെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനെതിരേ വ്യാപക രോഷമാണ് കേരള ജനതയില്‍നിന്നും കേന്ദ്രസര്‍ക്കാരിനെതിരേ ഉയരുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7