എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ സംഘര്‍ഷം

കൊച്ചി: പ്രളയക്കെടുതിയില്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തി വച്ചിരിക്കുമ്പോഴും ഓണ്‍ലൈനില്‍ ടിക്കറ്റ് നല്‍കി കെഎസ്ആര്‍ടിസി യാത്രക്കാരെ പറ്റിച്ചെന്ന് പരാതി. പിറവം -ബെംഗളൂരു ബസില്‍ എറണാകുളത്തുനിന്നു സുല്‍ത്താന്‍ ബത്തേരിയിലേക്ക് ടിക്കറ്റെടുത്തവര്‍ക്കാണു സ്റ്റാന്‍ഡിലെത്തി ഏറെ നേരം നിന്നു നിരാശരായി മടങ്ങേണ്ടി വന്നത്. പിഎന്‍ആര്‍ നമ്പരും ടിക്കറ്റും ലഭിച്ചെങ്കിലും സമയം ഏറെക്കഴിഞ്ഞിട്ടും ബസ് െ്രെഡവറുടെ നമ്പരോ ബന്ധപ്പെടുന്നതിനുള്ള നമ്പരോ കെഎസ്ആര്‍ടിസി നല്‍കിയില്ല. ബസ് ക്യാന്‍സല്‍ ചെയ്ത വിവരം എസ്എംഎസ് ആയും ലഭിച്ചില്ലെന്നു യാത്രക്കാര്‍ പറയുന്നു.

ദിവസങ്ങളായി എറണാകുളം ജില്ലയിലെത്തി കുടുങ്ങിക്കിടക്കുന്ന നിരവധിപ്പേരാണു ബസ് സര്‍വീസ് ആരംഭിച്ചേക്കുമെന്ന വാര്‍ത്തകളില്‍ പ്രതീക്ഷയര്‍പ്പിച്ചു ബസ് സ്റ്റാന്‍ഡിലെത്തിയത്. ഏതാനും ബസുകള്‍ ആലുവ ഭാഗത്തുകൂടെ പരീക്ഷണ ഓട്ടം നടത്തിയതായി വാര്‍ത്ത പ്രചരിച്ചതോടെ എന്തുകൊണ്ടു ബസ് വിടുന്നില്ലെന്ന ചോദ്യമായി യാത്രക്കാര്‍ക്ക്. എന്നാല്‍ ബസ് ഇല്ലെന്നറിഞ്ഞതോടെ പലരും വൈകാരികമായി പെരുമാറിത്തുടങ്ങി. ആലപ്പുഴ ഭാഗത്തേക്കുള്ള ബസുകള്‍ പുറപ്പെടാന്‍ ഒരുങ്ങിയതോടെ ബസ് തടയാനായി പ്രതിഷേധക്കാരുടെ ശ്രമം. ഒടുവില്‍ പൊലീസെത്തിയാണു വാഹനങ്ങള്‍ പോകുന്നതിനു വഴിയൊരുക്കിയത്.

വെള്ളം കയറിക്കിടക്കുന്നതിനാല്‍ എറണാകുളം ബസ് സ്റ്റാന്‍ഡില്‍ ഇന്‍ഫര്‍മേഷന്‍ കൗണ്ടറും മറ്റ് അവശ്യ സംവിധാനങ്ങളും ഒരുക്കിയിട്ടുള്ളത് ബസിനുള്ളില്‍ തന്നെയാണ്. ജില്ലയില്‍ റെഡ് അലേര്‍ട് നിലനില്‍ക്കുന്നതിനാല്‍ പൊലീസ് സുരക്ഷാ സംവിധാനങ്ങളും രക്ഷാ, ദുരിതാശ്വസ പ്രവര്‍ത്തനങ്ങളിലാണ്. ലുവ, പറവൂര്‍ റൂട്ടുകളില്‍ റോഡുകളില്‍ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും സുരക്ഷിതമായി യാത്ര ചെയ്യാവുന്ന സാഹചര്യമില്ലാത്തതിനാല്‍ ആളുകള്‍ പരമാവധി യാത്ര ഒഴിവാക്കണമെന്ന് എറണാകുളം റൂറല്‍ ജില്ലാ പൊലീസ് അറിയിച്ചിട്ടുണ്ട്.

തൃശൂര്‍ ഭാഗത്തേക്ക് ബസ്, ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തി വച്ചിരിക്കുന്നതിനാല്‍ വടക്കന്‍ കേരളത്തില്‍ നിന്നെത്തി എറണാകുളം ജില്ലയില്‍ കുടുങ്ങിക്കിടക്കുന്നത് നിരവധിപ്പേരാണ്. ഹോട്ടലുകളിലും മറ്റൂം റൂമുകള്‍ ലഭ്യമല്ലാത്തതും ആളുകളെ വലയ്ക്കുന്നുണ്ട്. ഓണാവധിയുടെ സമയമായതിനാലും പ്രളയക്കെടുതികൊണ്ടും ഹോസ്റ്റലുകള്‍ അടച്ചിട്ടതിനാല്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പടെ നിരവധിപ്പേരാണു നാട്ടിലേക്കു പോകാനാകാതെ കുടുങ്ങിക്കിടക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7