ഇടുക്കി: ആശങ്കകള്‍ക്കിടയിലും സൗഹൃദത്തിന്റെയും ഒത്തൊരുമയുടെയും കാഴ്ചയായി ഇടുക്കിയിലെ ദുരിതാശ്വാസ ക്യാമ്പ്. ദുരിതാശ്വാസ ക്യാമ്പിലെ ജനങ്ങളുടെ ആവശ്യങ്ങള്‍ മനസിലാക്കാന്‍ എത്തിയ ഇടുക്കി ജില്ലാ കളക്ടറെ കൊണ്ട് ഉപ്പു വിളമ്പിച്ചിരിക്കുകയാണ് ഒരു വിരുതന്‍. മുരിക്കാശേരി രാജപുരത്തെ ക്യാമ്പിലായിരുന്നു ഒന്നാം ക്ലാസുകാരന്റെ കുസൃതി.
നാട്ടുകാരുടെ വിശേഷങ്ങള്‍ അന്വേഷിക്കുന്നതിനിടെ ഒന്നാം ക്ലാസുകാരനായ കുട്ടിയുടെ ചേട്ടായെന്ന വിളി കേട്ടാണ് കളക്ടര്‍ തിരിഞ്ഞു നോക്കിയത്. ചേട്ടാ കുറച്ച് ഉപ്പ് തരാമോ എന്ന കുട്ടിയുടെ ചോദ്യം കേട്ട് കളക്ടര്‍ മടികൂടാതെ ഉപ്പ് വിളമ്പി കൊടുത്തു. ഉടനെ കളക്ടറോട് കുടിക്കാന്‍ വെള്ളവും കുട്ടി ചോദിച്ചു. അതും കളക്ടര്‍ കൊടുത്തു. ആശങ്കയില്‍ കഴിയുന്ന ക്യാമ്പിലെ ആളുകള്‍ക്ക് ഒരു വേള സന്തോഷം പകരുന്നതായി ഒന്നാം ക്ലാസുകാരന്റെ പ്രവൃത്തി.
പലരും ക്യാമ്പില്‍ നിന്ന് മടങ്ങിയാലും താമസിക്കാന്‍ സുരക്ഷിതമായ വീടില്ലെന്ന ആശങ്ക കളക്ടറെ അറിയിച്ചു. എല്ലാവര്‍ക്കും സുരക്ഷിത താമസം ഒരുക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നു കളക്ടര്‍ വ്യക്തമാക്കി.