പ്രളയക്കെടുതി വിലയിരുത്താന്‍ രാജ്‌നാഥ് സിംഗ് കേരളത്തിലെത്തി; ഹെലികോപ്ടറില്‍ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നു

കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതികള്‍ നേരിട്ട് വിലയിരുത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് കേരളത്തിലെത്തി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ രാജ്നാഥ് സിങ്ങ് പിന്നീട് അവിടെ നിന്നും ചെറുതോണി, ഇടുക്കി അണക്കെട്ടും പരിസരപ്രദേശങ്ങളും സന്ദര്‍ശിക്കും ഇതിന് പുറമെ ദുരന്തം വിതച്ച തടിയമ്പാട്, അടിമാലി, ആലുവ, പറവൂര്‍ താലൂക്കുകളിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ എന്നിവ ഹെലികോപ്ടറില്‍ സഞ്ചരിച്ചു.

പ്രത്യേക വിമാനത്തില്‍ എത്തിയ അദ്ദേഹത്തെ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍, ഡിജിപി ലോക്നാഥ് ബഹറ, അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍, എറണാകുളം ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ. സഫറുള്ള റൂറല്‍ എസ്പി രാഹുല്‍ ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും മുഖ്യമന്ത്രിയുമടക്കം അദ്ദേഹത്തിനൊപ്പം സഞ്ചരിക്കുന്നുണ്ട്. 2.30ഓടെ തിരികെ വന്ന ശേഷം ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്നവരുമായി കൂടിക്കാഴ്ച നടത്തും. വൈകിട്ട് 5.30ഓടെ സിയാലിന്റെ ഓഫീസില്‍ വച്ചു നടക്കുന്ന സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുമെന്നാണ് സൂചന.

ദുരന്തബാധിത പ്രദേശത്തേക്കുള്ള ഹെലികോപടര്‍ സന്ദര്‍ശനത്തിന് മുന്‍പ് വിഐപി ലോഞ്ചില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ ഇ.ചന്ദ്രശേഖരന്‍, വി.എസ്.സുനില്‍കുമാര്‍, മാത്യു ടി.തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ് എന്നിവരുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular