ഇടുക്കി : ഇടുക്കി ജില്ലയില്‍ വീണ്ടും മഴ കനക്കുന്നു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലാണ് വീണ്ടും ശക്തമായ മഴ ആരംഭിച്ചത്. ഷട്ടറുകള്‍ എല്ലാം തുറന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. 2400.52 അടിയാണ് ഇപ്പോഴത്തെ ജലനിരപ്പ്. അതേസമയം വൃഷ്ടി പ്രദേശങ്ങളില്‍ നിന്നും അണക്കെട്ടിലേക്കുള്ള നീരൊഴുക്കില്‍ ഗണ്യമായ കുറവില്ലെന്നാണ് സൂചന.
478 ക്യൂമെക്സ് വെള്ളമാണ് ഇപ്പോള്‍ ഡാമിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുന്നത്. 750 ക്യൂമെക്സ് വെള്ളം ഒഴുക്കി കളയുകയും, 116 ക്യൂമെക്സ് വെള്ളം വൈദ്യുതി ഉത്പാദനത്തിനായി മൂലമറ്റത്തേക്ക് കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്. മഴ കുറഞ്ഞ് നീരൊഴുക്ക് 120 ക്യൂമെക്‌സ് എത്തുന്നതു വരെ ഡാമിന്റെ ഷട്ടര്‍ തുറന്നു വെക്കാനാണ് ഇപ്പോഴത്തെ തീരുമാനം.
20 മണിക്കൂര്‍ കൊണ്ട് ജലനിരപ്പ് ഒരടി കുറഞ്ഞത് ആശ്വാസമായെന്നാണ് കെഎസ്ഇബി അധികൃതരുടെ വിലയിരുത്തല്‍. എന്നാല്‍ ജലനിരപ്പ് 2400 അടിയിലെത്തിയാലും തല്‍ക്കാലം ഷട്ടര്‍ അടയ്‌ക്കേണ്ടെന്നും അധികൃതര്‍ തീരുമാനിച്ചു. സ്ഥിതി വിലയിരുത്തിയ ശേഷം, പുറത്തേക്കു വിടുന്ന ജലത്തിന്റെ അളവ് കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കും.
തിങ്കഴാഴ്ച വരെ ഇടുക്കി ജില്ലയില്‍ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ നീരിക്ഷണ കേന്ദ്രം അറിയിച്ചിട്ടുള്ളത്. ഇതിന്റെ പശ്ചാത്തലത്തില്‍ ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒഡീഷ തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നത് മഴ കനക്കാന്‍ ഇടയാക്കുമെന്നാണ് പ്രവചനം.
കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ വീണ്ടും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. വയനാട്, ഇടുക്കി, ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് ഇത് സംബന്ധിച്ച മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. റെഡ് അലര്‍ട്ടിനു പുറമെ ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വയനാട്, ഇടുക്കി ജില്ലകളില്‍ ആഗസ്റ്റ് 14 വരെ റെഡ് അലര്‍ട്ടും ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ആലപ്പുഴ, കണ്ണൂര്‍ ജില്ലകളില്‍ ആഗസ്റ്റ് 13 വരെ റെഡ് അലര്‍ട്ടും ആഗസ്റ്റ് 15 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. എറണാകുളം, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ആഗസ്റ്റ് 12 വരെ റെഡ് അലര്‍ട്ടും ആഗസ്റ്റ് 14 വരെ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഒഡിഷ തീരത്ത് പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതാണ് മഴ കനക്കാന്‍ ഇടയാക്കുന്നതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വരും ദിവസങ്ങളില്‍ ന്യൂനമര്‍ദം മൂലം പരക്കെ മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറില്‍ 55 കിലോ മീറ്റര്‍ വേഗത്തിലുളള കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കി.