കൊച്ചി:സിനിമയിലെ സ്ത്രീവിരുദ്ധതയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിലപാട് വ്യക്തമാക്കി സംവിധായകന്‍ രഞ്ജിത്ത്. തന്റെ സിനിമയിലേത് സ്ത്രീവിരുദ്ധതയല്ലെന്നും താന്‍ സ്ത്രീകളെ ആക്രമിക്കുന്നതിനെ അനുകൂലിക്കുന്നയാളല്ലെന്നുമാണ് രഞ്ജിത്ത് പറയുന്നത്.അതിനെ നിര്‍ദോഷമായ തമാശകളോ കഥാപാത്രത്തിന്റെ സ്വാഭാവമെന്ന രീതിയിലോ കാണണമെന്നാണ് അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കുനേരെ ഉയര്‍ന്ന സ്ത്രീവിരുദ്ധതയെന്ന ആരോപണത്തോട് പ്രതികരിച്ചുകൊണ്ട് രഞ്ജിത്ത് പറയുന്നത്
‘സിനിമയുടെ ഉള്ളടക്കത്തിന്റെ പേരില്‍ ആരോടും മാപ്പ് പറയേണ്ട സാഹചര്യം എനിക്കില്ല. ഒന്നുകില്‍ അതൊരു പ്രത്യേക കഥാപാത്രത്തിന്റെ സ്വഭാവമായിരിക്കാം, അല്ലെങ്കില്‍ നിര്‍ദോഷമായ തമാശ. അത് സ്ത്രീവിരുദ്ധതയല്ല. സ്ത്രീകളെ ആക്രമിക്കാന്‍ പോകുന്ന വ്യക്തിയല്ല ഞാന്‍.’ എന്നാണ് രഞ്ജിത്ത് പറയുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ചില സിനിമകള്‍ സ്ത്രീവിരുദ്ധതയെ മഹത്വവത്കരിക്കുന്നുവെന്ന നടി പാര്‍വ്വതിയുടെ ആരോപണങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ : .’ഏതൊരു വ്യക്തിയ്ക്കും അഭിപ്രായം തുറന്നു പറയാനുള്ള സ്വാതന്ത്ര്യം ഉണ്ട്. ആ സ്വാതന്ത്ര്യം മറ്റേതൊരാള്‍ക്കും എന്നതുപോലെ പാര്‍വ്വതിയ്ക്കും ഉണ്ട്.’ എന്നായിരുന്നു രഞ്ജിത്തിന്റെ മറുപടി.അങ്ങനെ അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ അവരെ ആക്രമിക്കാന്‍ തുനിയുന്നത് ശരിയായ നടപടിയല്ലെന്നും രഞ്ജിത്ത് പറഞ്ഞു.താന്‍ മനുഷ്യരെ മനുഷ്യരായി മാത്രമേ കാണാറുള്ളൂവെന്നും സ്ത്രീയും പുരുഷനുമായി കാണാറില്ലെന്നും രഞ്ജിത്ത് പറഞ്ഞു.
ചില കഥാപാത്രങ്ങള്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് എന്ത് സംസാരിക്കണമെന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം എഴുത്തുകാരന്റെതാണ്. അതേസമയം ക്രൂരനായ അല്ലെങ്കില്‍ സ്ത്രീവിരുദ്ധനായ കഥാപാത്രമാണ് ശരിയെന്ന് സിനിമയിലൂടെ പറയാന്‍ ശ്രമിച്ചാല്‍ അതിനെതിരെ പ്രതിഷേധിക്കാനുള്ള സ്വതന്ത്ര്യം പ്രേക്ഷകര്‍ക്കുണ്ടെന്നും രഞ്ജിത്ത് പറയുന്നു.
അത് ഒരു പൊതു സംവാദത്തില്‍ ഉന്നയിക്കപ്പെടുകയും ചര്‍ച്ച ചെയ്ത് തീര്‍ക്കുകയും വേണം. അത് അതോടെ തീരാനുള്ളതാണെന്നും രഞ്ജിത്ത് പറഞ്ഞു.സിനിമയിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍ വെച്ച് സിനിമ സ്ത്രീ വിരുദ്ധമാണെന്ന് പറയാന്‍ പറ്റില്ലെന്നും രഞ്ജിത് പറയുന്നു. ‘ഉദാഹരണത്തിന് വടക്കന്‍ വീരഗാഥ. ചിത്രത്തിലെ കഥാപാത്രമായ ചന്തു അയാള്‍ക്ക് ഉണ്ടായ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് സ്ത്രീയെ ആ രീതിയില്‍ വ്യാഖ്യാനിക്കുന്നത്. ‘ അദ്ദേഹം പറയുന്നു.
ദേവാസുരത്തില്‍ നീലകണ്ഠന്‍ എന്ന കഥാപാത്രം അത്രയേറേ ക്രൂരതകളും സ്ത്രീവിരുദ്ധതയും ചിത്രത്തില്‍ പറയുന്നുണ്ടെങ്കിലും ഒടുവില്‍ തെറ്റ് തിരിച്ചറിയുകയും തനിക്ക് നല്‍കിയ സ്നേഹത്തിന് രേവതിയുടെ കഥാപാത്രത്തോട് നന്ദി പറയുകയും ചെയ്യുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു ചിത്രത്തിലെ ഒരു ഡയലോഗിന്റെ അടിസ്ഥാനത്തില്‍ ഒരിക്കലും വിമര്‍ശനങ്ങള്‍ നടത്തരുത് എന്നും അദ്ദേഹം പറയുന്നു