രണ്‍വീര്‍ സിങ്, ആലിയ ഭട്ട്, കരീന, അനില്‍ കപൂര്‍, വിക്കി കൗശല്‍, ഭൂമി പട്‌നേക്കര്‍, ജാന്‍വി കപൂര്‍ എന്നിവരാണ് സിനിമയില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. രണ്‍ബീര്‍ കപൂര്‍, ഐശ്വര്യ റായ്, അനുഷ്‌ക ശര്‍മ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ‘യേ ദില്‍ ഹേ മുഷ്‌കില്‍’ ആയിരുന്നു കരണ്‍ ജോഹര്‍ ഒടുവില്‍ സംവിധാനം ചെയ്ത ചിത്രം.
മുഗള്‍ ഭരണകാലത്തെ പോരാട്ടത്തിന്റെയും യുദ്ധങ്ങളുടെയും കഥയുമായാണ് ‘തഖ്ത്’ ഒരുങ്ങുന്നത്. ‘അങ്ങേയറ്റം അതിശയിപ്പിക്കുന്ന ഒരു കഥയാണിത്. മുഗള്‍ രാജകിരീടത്തിന് വേണ്ടിയുള്ള ഒരു ചരിത്രയുദ്ധമാണ് താഖ്തിന്റെ ഇതിവൃത്തം. ഒരു കുടുംബത്തിന്റെ, ലക്ഷ്യത്തിന്റെ, അത്യാഗ്രഹത്തിന്റെ, ചതിയുടെ, പ്രണയത്തിന്റെ, വിജയത്തിന്റെ കഥയാണിത്. പ്രണയവും യുദ്ധവുമാണ് ‘തഖ്ത്” കരണ്‍ ജോഹര്‍ തന്റെ ട്വിറ്ററില്‍ കുറിച്ചു.
‘പദ്മാവത്’ എന്ന ചിത്രത്തിനു ശേഷം രണ്‍വീര്‍ സിങ് വീണ്ടുമൊരു ചരിത്ര കഥയുടെ ഭാഗമാകുകയാണ്. ഈ ചിത്രത്തിന്റെ ഭാഗമാകുന്നതില്‍ അങ്ങേയറ്റം ആകാംക്ഷയും സന്തോഷവും അഭിമാനവുമുണ്ടെന്ന് രണ്‍വീറും തന്റെ ട്വിറ്ററിലൂടെ പറഞ്ഞു.
ചിത്രം 2020 ല്‍ തിയേറ്ററുകളിലെത്തും. സുമിത് റോയിയാണ് ചിത്രത്തിനായി തിരക്കഥ രചിക്കുന്നത്. ഹുസൈന്‍ ഹൈദരിയുടേതാണ് സംഭാഷണം. അതേസമയം സ്റ്റുഡന്റ് ഓഫ് ദ ഇയര്‍2, സിമ്പ, കേസരി, കലങ്ക്, ബ്രഹ്മാസ്ത്ര, രണ്‍ഭൂമി എന്നിവയും കരണ്‍ ജോഹറിന്റെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രങ്ങളാണ്.