കുട്ടനാട് വായ്പ തട്ടിപ്പ് കേസ്: ഫാ. തോമസ് പീലീയാനിക്കലിനെ പൗരോഹിത്യ ചുമതലകളില്‍ നിന്ന് നീക്കി

ആലപ്പുഴ: കുട്ടനാട്ടിലെ വായ്പ തട്ടിപ്പ് കേസില്‍ ഫാ.തോമസ് പീലിയാനിക്കലിനെ ചങ്ങനാശേരി അതിരൂപത പൗരോഹിത്യ ചുമതലകളില്‍ നിന്നു നീക്കി. അന്വേഷണ വിധേയമായാണ് നടപടിയെന്ന് അതിരൂപത അറിയിച്ചു. നേരത്തെ വായ്പ തട്ടിപ്പ് കേസില്‍ ഉപാധികളോടെ പീലിയാനിക്കലിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണം. മറ്റ് കേസുകളില്‍ ഇനി ഉള്‍പ്പെടുകയും ചെയ്യരുത് എന്നീ ഉപാധികളോടെ രാമങ്കരി ജുഡിഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഫാദര്‍ പീലിയാനിക്കലിനെ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ജൂണിലാണ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 14 ദിവസത്തേക്ക് രാമങ്കരി കോടതി പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് കുട്ടനാട് വികസന സമിതിയുടെ ചുമതലയില്‍ നിന്ന് ഫാദര്‍ പീലിയാനിക്കലിനെ മാറ്റിയിരുന്നു. കുട്ടനാട് വായ്പ തട്ടിപ്പില്‍ പീലിയാനിക്കലിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്ന സാചര്യത്തിലാണ് നടപടി. അതേസമയം വായ്പ തട്ടിപ്പില്‍ അന്വേഷണം നടത്താന്‍ ആറംഗ സമിതിയെ ചങ്ങനാശേരി അതിരൂപത നിയോഗിച്ചു.

നേരത്തെ ചങ്ങനാശേരി അതിരൂപ ആസ്ഥാനത്തേക്ക് വിശ്വാസികളും കര്‍ഷകരും മാര്‍ച്ച് നടത്തിയിരുന്നു. ഫാദര്‍ പീലിയാനിക്കലിനെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധമാര്‍ച്ച്. ഇതേ തുടര്‍ന്നാണ് പീലിയാനിക്കലിനെതിരെ അന്വേഷണം നടത്താന്‍ ചങ്ങനാശേരി അതിരൂപത തീരുമാനിച്ചത്. അഭിഭാഷകരും ചാര്‍ട്ടേഡ് അക്കൌണ്ടന്റ് ഉള്‍പ്പെടുന്ന ആറംഗ സംഘമാണ് തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കുക. സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പീലിയാനിക്കലിനെതിരെ തുടര്‍നടപടിയുണ്ടാകുമെന്നും ചങ്ങനാശേരി അതിരൂപത അറിയിച്ചു.

കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പാ കുംഭകോണം നടത്തിയെന്നാണ് പീലിയാനിക്കലിനെതിരെയുള്ള കേസ്. ചതിച്ച് പണം ഉണ്ടാക്കണമെന്ന ഉദ്ദേശ്യം പീലിയാനിക്കലിനുണ്ടായിരുന്നുവെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. പരാതിക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജരേഖ ചമച്ച് വ്യാജ ഒപ്പിട്ടാണ് ഫാ. തോമസ് പീലിയാനിക്കല്‍ അടക്കമുള്ള പ്രതികള്‍ വായ്പയെടുത്തതെന്നും റിപ്പോര്‍ട്ടിലുണ്ട്. ആറ് അംഗങ്ങള്‍ അടങ്ങുന്ന വ്യാജ സംഘങ്ങളുണ്ടാക്കിയാണ് വായ്പ തട്ടിപ്പ് നടത്തിയതെന്നും വായ്പയെടുത്ത് കിട്ടിയ തുക പീലിയാനിക്കല്‍ കൈവശപ്പെടുത്തിയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7