ഇറച്ചിയും മുട്ടയും ആരോഗ്യത്തിന് ഹാനികരം!!! ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റ് വിവാദത്തില്‍, ഒടുവില്‍ ട്വീറ്റ് നീക്കം ചെയ്ത് തലയൂരി

ന്യൂഡല്‍ഹി: മാംസാഹാരം ആരോഗ്യത്തിന് ഹാനികരം എന്ന തരത്തിലുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റ് വിവാദങ്ങളെ തുടര്‍ന്ന് നീക്കം ചെയ്തു. ആരോഗ്യമുള്ള ശരീരത്തിന് സസ്യാഹാരം മാത്രമേ പാടുള്ളൂ എന്ന രീതിയിലായിരിന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ട്വീറ്റ. 22ന് മിനിസ്ട്രി ഓഫ് ഹെല്‍ത്ത് എന്ന ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മാംസം നല്ല ഭക്ഷണമല്ലെന്ന അര്‍ത്ഥത്തിലുള്ള ചിത്രം ആരോഗ്യവകുപ്പ് ട്വീറ്റ് ചെയ്തത്.

തടിച്ച ഒരു സ്ത്രീയുടെയും മെലിഞ്ഞ ഒരു സ്ത്രീയുടെയും ശരീരത്തിന്റെ ഗ്രാഫിക്സ് ആണ് ട്വീറ്റ് ചെയ്തത്. തടിച്ച ശരീരത്തിനകത്ത് മുട്ടയും ഇറച്ചിയും ജങ്ക് ഭക്ഷണവുമാണ് കാണിക്കുന്നത്. എന്നാല്‍ മെലിഞ്ഞ സ്ത്രീയുടെ ശരീരത്തില്‍ പഴങ്ങളും പച്ചക്കറികളും മാത്രം. നല്ല ഭക്ഷണമാണ് ആരോഗ്യമുള്ള ജീവിതത്തിന് പ്രധാനം, നിങ്ങള്‍ ഏത് തെരഞ്ഞെടുക്കും എന്നാണ് ചിത്രത്തോടൊപ്പം മന്ത്രാലയം കുറിച്ചത്.

എന്നാല്‍ ഇറച്ചിയും മുട്ടയും ജങ്ക് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയത് കടുത്ത വിമര്‍ശനത്തിന് ഇടയാക്കി. ബി.ജെ.പിയുടെ ഇറച്ചിവിരുദ്ധ വെജിറ്റേറിയന്‍ രാഷ്ട്രീയമാണ് ചിത്രത്തിലൂടെ പ്രചരിപ്പിക്കുന്നതെന്നായിരുന്നു പ്രധാന ആരോപണങ്ങള്‍. പ്രോട്ടീന്‍ കലവറയായ മുട്ടയും മാംസവും എങ്ങനെയാണ് ജങ്ക് ഭക്ഷണത്തില്‍ പെടുക എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു.

‘സസ്യാഹാരം മാത്രമാണ് ആരോഗ്യകരമായ ഭക്ഷണം എന്ന രീതിയിലുള്ള പ്രചാരണത്തിന് ഇപ്പോള്‍ രാഷ്ട്രീയ ലക്ഷ്യം കൂടിയുണ്ട്. ഇറച്ചിയും മുട്ടയും അനാരോഗ്യകരമാണെന്ന് ബി.ജെ.പി രാഷ്ട്രീയവും ശാസ്ത്രവിരുദ്ധവുമാണ്’ എന്നാണ് ഒരാള്‍ ട്വീറ്റ് ചെയ്തത്.

Similar Articles

Comments

Advertismentspot_img

Most Popular