ചെന്നൈ: മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ഭൗതികശരീരം പൊതുദര്‍ശനത്തിനു വച്ച രാജാജി ഹാളില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ടുപേര്‍ മരിച്ചു. ബാരിക്കേഡുകള്‍ തകര്‍ത്ത് ഹാളിനകത്തേക്ക് ഡിഎംകെ പ്രവര്‍ത്തകര്‍ തള്ളിക്കയറിയതോടെയാണ് തിക്കും തിരക്കും വര്‍ധിക്കാന്‍ കാരണം.
പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ ആവശ്യത്തിനുള്ള പൊലീസ് ഇല്ലെന്നും, അവര്‍ നിഷ്‌ക്രിയരായി നില്‍ക്കുകയാണെന്നും ഡിഎംകെ ആരോപിച്ചു. തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിചേര്‍ന്ന പ്രവര്‍ത്തകരോട് ശാന്തരായിരിക്കുവാന്‍ എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു.
കരുണാനിധിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനായി രാജാജി ഹാളിലേക്ക് ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പ്രവഹിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍, നടന്‍ രജനീകാന്ത്, ധനുഷ്, മുഖ്യമന്ത്രി എടപ്പാടി പളനിസാമി, ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, ടി.ടി.വി.ദിനകരന്‍, കേരള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, കമല്‍ഹാസന്‍, ദീപ ജയകുമാര്‍ തുടങ്ങി ഒട്ടേറെപ്പേരെത്തി കലൈഞ്ജര്‍ക്ക് അന്തിമോപചാരം അര്‍പ്പിച്ചു.