സഹകരണമില്ലെങ്കില്‍ രാജിക്കാര്യം ആലോചിക്കുമെന്ന് മോഹന്‍ലാല്‍; ചര്‍ച്ച പുരോഗമിക്കുന്നു, രണ്ടുദിവസത്തിനകം തീരുമാനം; വനിതാ സെല്‍ വരുന്നു

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായ ദീലിപിനെ തിരിച്ചെടുത്തതുമായ ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ച നടത്താന്‍ താരസംഘടനയായ എ.എം.എം.എയുടെ എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം വിളിച്ചു ചേര്‍ത്തു. താന്‍ താരസംഘടനയായ എ.എം.എം.എയില്‍ നിന്ന് രാജിവയ്ക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. എല്ലാവരുടെയും സഹകരണമുണ്ടെങ്കില്‍ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ട് മുന്നോട്ടുപോകാനാണ് താല്‍പര്യമെന്നും സഹകരണമില്ലാത്ത ഒരവസ്ഥ വന്നാല്‍ രാജിക്കാര്യം ആലോചിക്കുമെന്നും കോച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ യോഗത്തിനുശേഷം വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. സംഘടനയില്‍ വനിതാ സെല്‍ രൂപവത്കരിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ശക്തമാക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

എ.എം.എം.എയും വനിതാ സംഘടനയായ ഡബ്ല്യു.സി.സി.യിലെ അംഗങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പോസിറ്റീവായി പുരോഗമിക്കുകയാണ്. കത്തു നല്‍കിയ നടിമാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും. എല്ലാവരുടെയും ആവശ്യങ്ങള്‍ കേള്‍ക്കാന്‍ തയ്യാറാണ്. പ്രശ്‌നങ്ങളെല്ലാം ചര്‍ച്ച ചെയ്ത് പരിഹരിക്കും. ചര്‍ച്ചയില്‍ തീരുമാനങ്ങള്‍ രണ്ടു ദിവസത്തിനകം മാധ്യമങ്ങളെ അറിയിക്കുംമോഹന്‍ലാല്‍ പറഞ്ഞു.

ദിലീപിനെ തിരിച്ചെടുക്കാനുള്ള എ.എം.എം.എ തീരുമാനത്തെ ചോദ്യം ചെയ്ത് നേതൃത്വത്തിന് നല്‍കിയ കത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി ലഭിച്ചോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ആ വിഷയങ്ങള്‍ ചര്‍ച്ചചെയ്തുകൊണ്ടിരിക്കുകയാണെന്ന് എ.എം.എം.എയുടെ നിലപാടുകളെ ചോദ്യം ചെയ്ത് കത്ത് നല്‍കിയ രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. ഇപ്പോഴും ചര്‍ച്ചയിലാണ്. തുറന്നതും ആരോഗ്യപരവുമായ ചര്‍ച്ചയാണ് നടക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കക്ഷിചേരാനുള്ള എ.എം.എം.എ വനിതാ ഭാരവാഹികളായ രചനാ നാരായണന്‍ കുട്ടി, ഹണിറോസ് എന്നിവരുടെ തീരുമാനം സ്വമേധയാ ഉള്ളതാണെന്നും. അമ്മയുടെ തീരുമാനമായിരുന്നില്ല എന്നും നടന്‍ ജഗദീഷ് പറഞ്ഞു. എന്നാല്‍ നടിയ്ക്ക് പിന്തുണ നല്‍കുന്ന കാര്യം അവരുമായി ചര്‍ച്ച ചെയ്തിരുന്നു. ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നതില്‍ നിയമപരമായ പിശകുകള്‍ സംഭവിച്ചിട്ടുണ്ട് അത് തിരുത്തും ജഗദീഷ് പറഞ്ഞു.

രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായുള്ള ചര്‍ച്ച രണ്ടര മണിക്കൂര്‍ നീണ്ടുനിന്നു. മോഹന്‍ലാലിന് പുറമെ ഇടവേള ബാബു, രചന നാരായണന്‍കുട്ടി, ഹണി റോസ്, ജഗദീഷ്, ജയസൂര്യ, മുകേഷ്, ഇന്ദ്രന്‍സ്, സുധീര്‍ കരമന, ആസിഫലി, ടിനി ടോം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
കൊച്ചി ക്രൗണ്‍ പ്ലാസയിലാണ് യോഗം നടന്നത്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7