തിരുവനന്തപുരം: കാട്ടില്‍ കയറി മ്ലാവിനെ വേട്ടയാടിയ സംഭവത്തില്‍ കേരള പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ കേസ്. പൊന്‍മുടി ഗ്രേഡ് എസ്‌ഐ അയൂബ്ബ്, ഇവിടുത്തെ രണ്ടു പൊലീസുകാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന സംഘിമാണു നിയമങ്ങള്‍ കാറ്റില്‍ പറത്തി കാട്ടില്‍ വേട്ട നടത്തിയത്. പൊലീസ് വാഹനത്തിലാണ് ഇവര്‍ കാട്ടില്‍ കയറിയത്. കേസില്‍ മൂന്നു പ്രതികളെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. അയൂബിന്റെ ബന്ധുക്കളാണ് ഈ മൂന്നുപേര്‍. എസ്‌ഐയും രണ്ടു പൊലീസുകാരും ഒളിവിലാണ്.
വേട്ടയ്ക്കു ശേഷം ഇവര്‍ മ്ലാവിറച്ചി പങ്കിട്ടെടുത്തു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരില്‍ നിന്ന് ഇറച്ചിയും ആയുധങ്ങളും പിടിച്ചെടുത്തു. ഞായറാഴ്ച രാത്രി പൊന്‍മുടി വനത്തിലാണ് എസ്‌ഐയും സംഘവും വേട്ടയ്ക്കിറങ്ങിയത്. സംഭവത്തില്‍ കുളത്തൂപ്പുഴ ഫോറസ്റ്റ് റേഞ്ച് അധികൃതര്‍ അന്വേഷണം തുടങ്ങി. ഇത് അപൂര്‍വ സംഭവമാണെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു വ്യക്തമാക്കി. കേസിലെ പ്രതികള്‍ക്കു യാതൊരു സംരക്ഷണവും ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.